ന്യൂഡല്‍ഹി:  കാരണവര്‍ക്ക് എവിടെയും ആകാമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.  

കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് പത്താം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. ഇതാണ് പ്രോട്ടോക്കോള്‍. അങ്ങനെയിരിക്കെ ആറാം ദിവസമാണ് ടെസ്റ്റ് നടത്തിയിട്ട് പിണറായി വിജയന്‍ ആശുപത്രി വിട്ടിരിക്കുന്നത്.  മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത് അനുസരിച്ച് നാലാം തിയ്യതി അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു എന്നിരിക്കട്ടെ. അങ്ങനെയാണെങ്കില്‍ ബുധനാഴ്ചത്തേക്ക് പത്ത് ദിവസമായി. നാലാം തിയ്യതി  കോവിഡ് ബാധിച്ചിരുന്നു എന്നത് നാലാം തിയ്യതി തന്നെ അറിയാം.  നാലാം തിയ്യതി കോവിഡ് ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തി റോഡ് ഷോ നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനം അല്ലേ. ഐസിഎമ്മാറിന്റെ  മാര്‍ഗനിര്‍ദ്ദേശം സംസ്ഥാന ആരോഗ്യമന്ത്രിക്ക് അറിയാത്തത് അല്ലല്ലോ. മുരളീധരന്‍ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കുന്നുവെന്ന് പറയുന്നവര്‍ ഇതിന് മറുപടി പറയണം.  

നാലാം തിയ്യതി കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അല്ലേ പത്ത് ദിവസം ആകുകയുള്ളൂ. ആറാം തിയ്യതി കോവിഡ് ബാധിതയായ സ്വന്തം മകള്‍ താമസിക്കുന്ന അതേ വീട്ടില്‍ നിന്ന്   500 മീറ്റര്‍ നടന്ന് പോളിങ്ങ് ബൂത്തിലേക്ക് വന്ന മുഖ്യമന്ത്രി  പ്രോട്ടോക്കോള്‍ ലംഘനമല്ലേ  നടത്തിയത്. മകളോടൊപ്പം ഒരേ വീട്ടില്‍ താമസിക്കുന്ന മുഖ്യമന്ത്രി പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റില്‍ പെടുന്നയാളാണ്. അങ്ങനെയൊരാള്‍ പെരുമാറുന്ന പോലെയാണോ മുഖ്യമന്ത്രി പെരുമാറിയത്. 

കോവിഡ് സ്ഥിരീകരിച്ച ശേഷം മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് വന്നത് എല്ലാവരും കണ്ടതാണ്.  ഐസലേറ്റഡായ വണ്ടിയിലൊ ആംബുലന്‍സിലൊ അല്ല മുഖ്യമന്ത്രി വന്നത്. ഗണ്‍മാന്‍ കൂടെയുള്ള വണ്ടിയിലാണ്.  ആശുപത്രിയില്‍ നിന്നും   തിരികെ പോന്നപ്പോഴും അദ്ദേഹം സാമൂഹ്യ അകലം പാലിക്കുന്നില്ല. രോഗമുക്തിയ്ക്ക് ശേഷം ഏഴ് ദിവസം കൂടി ഐസ്വലേഷനില്‍ തുടരണമെന്നാണ് പ്രോട്ടോക്കോള്‍ അനുശാസിക്കുന്നത്.  രോഗമുക്തി നേടിയിട്ടില്ലാത്ത മുഖ്യമന്ത്രിയുടെ ഭാര്യ അദ്ദേഹത്തോടൊപ്പം അതേ വാഹനത്തിലാണ് കയറി പോകുന്നത്.  ഇതാണോ പ്രോട്ടോക്കോള്‍ ഇതാണോ മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ.

കഴിഞ്ഞ ഒരു വര്‍ഷമായി വൈകുന്നേരം ആറുമണിക്ക് നമുക്ക് കോവിഡ് മുന്‍കരുതലിനെക്കുറിച്ച് ക്ലാസെടുത്ത ആളാണ് മുഖ്യമന്ത്രി.  മാധ്യമപ്രവര്‍ത്തകരെ മറ്റൊരു മുറിയിലിരുത്തിയാണ് മുഖ്യമന്ത്രി ക്ലാസെടുത്തത്. ഒരു മുറിയിലിരുന്നു മുഖ്യമന്ത്രി ക്ലാസെടുക്കുമ്പോള്‍ മറ്റൊരു മുറിയിലിരുന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചതും കേട്ടതും. ഇങ്ങനെ ക്ലാസെടുത്ത മുഖ്യമന്ത്രിയ്ക്ക് കോവിഡിന്റെ ഔപചാരിക പ്രോട്ടോക്കോള്‍ പാലിക്കാന്‍ മര്യാദയില്ലേ.  അതോ കാരണവര്‍ക്ക് എവിടെയും ആകാമെന്നാണോ  മുരളീധരന്‍ ചോദിച്ചു. 

Content Highlight:  Covid protocol: v muraleedharan against CM Pinarayi Vijayan