-
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിച്ച് ജില്ലാ ഭരണകൂടം. കോവിഡ് ചികിത്സയ്ക്കായി ഒരാഴ്ചയ്ക്കുള്ളിൽ പതിനായിരം ബെഡുകൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.
എല്ലാ പഞ്ചായത്തിലും ആദ്യഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനു പുറമേ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. ഇതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നിശ്ചിത എണ്ണം കിടക്കകൾ മാറ്റിവെക്കാൻ കളക്ടർ നിർദേശിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി കളക്ടർ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. പഞ്ചായത്ത്/വാർഡ് തല ചികിത്സാകേന്ദ്രങ്ങൾ തികയാതെ വന്നാൽ മാത്രമേ ഇവ ഉപയോഗിക്കൂ.
പഞ്ചായത്തുകളിൽ 100 കിടക്കകൾ വീതമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെറുകളും (എഫ്എൽടിസി) നഗരസഭ, കോർപ്പറേഷൻ വാർഡുകളിൽ 50 കിടക്കകൾ വീതമുള്ള സെന്ററുകളുമാകും സജ്ജമാക്കുക. എഫ്എൽടിസികളിലേക്ക് ആവശ്യമുള്ള മടക്കു കട്ടിലുകളും ബെഡുകളും പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ സംഭാവനയായി എത്തിക്കണമെന്ന് കളക്ടർ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജ് വഴി ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ലഭിക്കുന്ന വസ്തുക്കളുടെ സംഭരണവും ആരംഭിച്ചിട്ടുണ്ട്.

പഞ്ചായത്ത് തലത്തിൽ എഫ്എൽടിസികൾ തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാർ എറണാകുളത്തെ എംപിമാരും എംഎൽമാരുമായി ഇന്ന് ചർച്ച നടത്തി. ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളിൽ പരിശോധനകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
മുൻകരുതലെന്ന നിലയിലാണ് കൂടുതൽ ബെഡുകൾക്കുള്ള സാധ്യതകൾ തേടുന്നതെന്നും നിലവിൽ രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സമ്പർക്കവ്യാപനം കൂടുതലുള്ള ചെല്ലാനത്ത് ഇന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചിട്ടുണ്ട്. പായിപ്രയിലും ചേരാനെല്ലൂരും നേരത്തേ തന്നെ പരീക്ഷണാർത്ഥം എഫ്എൽടിസികൾ സ്ഥാപിച്ചിരുന്നു. ഇവിടങ്ങളിൽ രോഗികളെ എത്തിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ അങ്കമാലി അഡ്ലക്സിലും നെടുമ്പാശ്ലേരി സിയാലിലുമാണ് വലിയ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് കേസുകളെ എത്തിക്കുന്നത്. കൂടുതൽ പരിചരണം ആവശ്യമുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സിക്കും. കളമശ്ശേരി മെഡിക്കൽ കോളേജിൽ കേസുകൾ കൂടിയാൽ ഞാറയ്ക്കൽ മറ്റൊരു ചികിത്സാകേന്ദ്രവും കലൂരിൽ പിവിഎസ് ആശുപത്രിയും നിലവിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേയാണ് സ്വകാര്യ ആശുപത്രികളോട് ബെഡുകൾ നീക്കിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..