കണ്ണൂര്‍: കോവിഡ് കണക്കുകള്‍ കുത്തനെ കൂടുമ്പോഴും കണ്ണൂരില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. കോവിഡ് പോസിറ്റീവായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കുട്ടികള്‍ക്ക് ജന്മംനല്‍കിയത്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആഹ്ലാദ വാര്‍ത്ത പുറത്തുവിട്ടത്. സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ശൈലജ ടീച്ചറുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.
ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഈ സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.
Content Highlight: Covid positive woman gives birth to twins