
Representational Image Photo: AP
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീര്‍ണമെന്ന് ആരോഗ്യവകുപ്പ്. ഇയാള്‍ ടെലിവിഷല്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ നിരവധി യാത്രക്കാരുമായി വിവിധ സ്ഥലങ്ങളിലേക്ക് ഇയാള്‍ സഞ്ചരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.
നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി ഇയാള്‍ എത്തിയിട്ടുണ്ട്. കരമന, ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാല്‍ക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂര്‍, തമ്പാനൂര്‍, പേരൂര്‍ക്കട, അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇദ്ദേഹം പോയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ തുടങ്ങുന്ന ദിവസം വരെ ഇദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. KL-01 BJ 4836 ആണ് ഇയാളുടെ ഓട്ടോ റിക്ഷയുടെ നമ്പര്‍. ഇയാളുടെ ഓട്ടോറിക്ഷയില്‍ കയറിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല.
ഓട്ടോഡ്രൈവര്‍ സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയും പ്രവര്‍ത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും രണ്ട് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. കരമനയിലും പൂജപ്പുരയിലും നടന്ന ഷൂട്ടിങ്ങുകളിലാണ് ഇയാള്‍ പങ്കെടുത്തത്.

ഡ്രൈവറുടെ കുടുംബാംഗങ്ങള്‍ക്കും രോഗം പകര്‍ന്നിട്ടുണ്ട്. 17 -നാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകള്‍ക്കും ലക്ഷണങ്ങള്‍ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേര് ഈ കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം സമ്പര്‍ക്കവിലക്കിലാണ്.
ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. 12-ന് ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. 17-ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്.
രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ നഗരത്തിലെ പല ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളിലും ഇദ്ദേഹം പോയി. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുള്ളത്. ഓട്ടോറിക്ഷയില്‍ കയറിയ പലരെയും ഇദ്ദേഹത്തിന് അറിയില്ല. വഞ്ചിയൂരില്‍ മരിച്ച രമേശനും പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും വ്യക്തമായിട്ടില്ല.
Content Highlights: Covid positive auto driver in trivandrum acted in tv serials; Root map released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..