കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം ദിനം തോറും വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി രണ്ടായിരത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. അതേസമയം ജില്ലയിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള 93 ശതമാനം പേർക്കും ഇതിനോടകം വാക്സിൻ കൊടുത്തുകഴിഞ്ഞതായി ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ടി പി ആർ 14.47 ആയി ഉയർന്ന സാഹചര്യത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിച്ച് നിരീക്ഷണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത്. കൂടാതെ ജില്ലയിൽ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണവും വർധിപ്പിക്കും. പ്രതിദിനം 25000 മുതൽ 30,000 വരെ പരിശോധന നടത്താനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.

അതേസമയം ജില്ലയിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരിൽ കോവിഡ് പോസിറ്റീവ് ആയവരും പോസിറ്റീവ് ആയതിന് ശേഷം മൂന്ന് മാസം കഴിയാത്തവരുമാണ് ഇനിയും വാക്സിൻ എടുക്കാനായി ഉള്ളതെന്ന് ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ പറഞ്ഞു. ഇവരെക്കൂടാതെ വാക്സിനേഷനായി വിമുഖത കാണിക്കുന്നവരും ഉണ്ട്. അവർക്ക് വാർഡ് തലത്തിൽ ബോധവത്‌കരണം നടത്തുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തുള്ള വാക്സിൻ ക്ഷാമം ജില്ലയേയും ബാധിച്ചിട്ടുണ്ട്. ജില്ലയിലെ ടി പി ആർ നിരക്ക് കൂടുന്നതിന് അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ കൂട്ടിയാലും വാക്സിനേഷൻ നടപടികൾക്ക് തടസം വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 15 ന് മുൻപ് 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കും. 60 ന് മുകളിലുള്ളവരുടെയടക്കം 45 വയസിനു മേൽ പ്രായമുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനാൽ വ്യാഴാഴ്ച മുതൽ 18 മുതൽ 45 വയസ് വരെയുള്ളവർക്ക് ജില്ലയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടാകില്ല. രണ്ടര ലക്ഷത്തോളം പേരാണ് 45 വയസിനു മുകളിൽ വാക്സിനെടുക്കാനുള്ളത്.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് നിലവിൽ പ്രവർത്തിക്കുന്ന സി എഫ് എൽ ടി സി, സി എസ് എൽടിസികൾ തുടർന്നും പ്രവർത്തിക്കും. രോഗവ്യാപനം ഉയർന്നാൽ രോഗികളെ ചികിത്സിക്കുന്നതിനായി അവ നിലനിർത്തും. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ ചടങ്ങുകൾക്ക് മാത്രമാണ് അനുമതിയുണ്ടാകുക. മറ്റു സാംസ്കാരിക പരിപാടികൾ അനുവദിക്കില്ല.

ബീച്ചുകൾ, മാളുകൾ എന്നിവ തുറന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണം കർശനമാക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും പോലീസ് സ്റ്റേഷൻ തലത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും.

Content Highlights:covid patients is increasing in Ernakulam so containment zones in will be increased