തിരുവനന്തപുരം:  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച, യുത്ത് കോണ്‍ഗ്രസ് സംഘടനകളുടെ പ്രതിഷേധം. ആദ്യമെത്തിയത് യുവമോര്‍ച്ചയുടെ പ്രതിഷേധമായിരുന്നു. 

പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശമിക്കവെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സമരക്കാരെ പോലീസ് അനുനയിപ്പിക്കുന്നതിനിടെ രണ്ടുപേര്‍ സെക്രട്ടേറിയറ്റിന്റെ വളപ്പിലേക്ക് ചാടിക്കയറി. തുടര്‍ന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 

ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചെത്തിയത്. ഇവര്‍ക്ക് നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ പ്രകോപിതരാവുകയും പോലീസിന് നേരെ കയര്‍ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സംയമനം പാലിച്ച് സംഘര്‍ഷം വളരാന്‍ അനുവദിച്ചില്ല. കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം എത്തിയത്. 

കോവിഡ് വ്യാപനത്തേ തുടര്‍ന്ന് ശാന്തമായിരുന്ന സെക്രട്ടേറിയറ്റ് പരിസരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമരങ്ങള്‍ക്ക് വീണ്ടും വേദിയായി.

Content Highlights: COVID patients commit Suicide, Yuvamorcha and Youth Congress Protest