കൊച്ചി: കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയായതിനാൽ ലോക്ഡൗണിൽ എറണാകുളത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. അനാവശ്യ യാത്രകൾ അനുവദിക്കില്ലെന്നും ജില്ലാ അതിർത്തികൾ അടയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളത്താണ്.ആറായിരത്തിനു മുകളിലാണ് ജില്ലയിലെ പ്രതിദിന കേസുകൾ. നിലവിൽ അമ്പതിനായിരത്തിലേറെ പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലും ഒരു ലക്ഷത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിലുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പോലീസ് നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നത്.

ജില്ലാ അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അനുമതിയുള്ള അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകും. ആദ്യത്തെ തവണ പിഴ ഈടാക്കും. ആവർത്തിച്ചാൽ  എഫ്ഐആർ ഇട്ട് കേസെടുക്കും. ക്വാറന്റീനിലുള്ളവർക്ക് മരുന്ന് എത്തിച്ചു നൽകും. സന്നദ്ധ സേവകരും വാർഡ് മെമ്പർമാരുമായി കൈകോർത്ത് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിൽ നിലവിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ആൾക്കൂട്ടം ഒഴിവാക്കാൻ അപര്യാപ്തമാണെന്ന് സംസ്ഥാന പോലീസിൽ നിന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഇക്കാര്യം ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ചർച്ച ചെയ്യും. അതിനു ശേഷം, കടകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദേശം പുറത്തിറക്കുമെന്നാണ് സൂചന.

Content Highlights:Covid outbreak Strict restrictions imposed in Kochi says Commissioner C H Nagaraju