കൊച്ചി: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തില്‍ വസ്ത്ര വ്യാപാര മേഖലയേയും വ്യാപാരികളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് മാനുഫാക്ച്ചേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനപ്പട്ടികയില്‍ വസ്ത്ര വ്യാപാരികളെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നും സിഗ്മ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.  

കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേയ്ക്ക് എത്തിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കൂടുതല്‍ സമയം കടകള്‍ തുറക്കാന്‍ അനുവദിക്കുകയാണെങ്കില്‍ സുഗമമായി വ്യാപാരം നടത്തുന്നതിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു.  

വ്യവസായ വകുപ്പ് മന്ത്രി, എറണാകുളം-കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പുകള്‍ നല്‍കി. ദക്ഷിണേന്ത്യയിലെ നൂറിലധികം ഗാര്‍മെന്റ്‌സ് മാനുഫാക്റ്ററേഴ്‌സ് അംഗങ്ങളായുള്ള സംഘടനയാണ് സിഗ്മ.  

പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും കാരണം വര്‍ഷങ്ങളായി വസ്ത്ര വ്യപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തിലധികമായി പ്രധാന വ്യാപാര സീസണുകളെല്ലാം നഷ്ടപ്പെട്ടു. വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലക്ക് അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്ന സീസണുകളാണ് വരാന്‍ പോകുന്നത്. അതിനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളും ഭൂരിഭാഗം വ്യാപാരികളടക്കമുള്ളവര്‍ നടത്തിക്കഴിഞ്ഞു. 

Content Highlights: Covid outbreak Sigma submitted petition to Chief Minister