കൊച്ചി:  ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അതിവ്യാപനം ചെറുക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള സാധാരണ കിടക്കകള്‍,  വെന്റിലേറ്റര്‍, ഓക്‌സിജന്‍, ഐ.സി.യു എന്നീ വിഭാഗങ്ങളിലെ 20 ശതമാനം വീതം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി നീക്കിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വീണ്ടും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി ഇടപെട്ടവര്‍, കൂടുതല്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ നടത്തുക. കൂടാതെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കും. ജില്ലയില്‍ നിലവില്‍ ആവശ്യത്തിന് ഐ.സി.യു കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനം, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ ലഭ്യമാണ്. പൊതു - സ്വകാര്യ ആശുപത്രികളിലായി ജില്ലയില്‍ നിലവില്‍ 3000 ഓക്‌സിജന്‍ കിടക്കകള്‍, 1076 ഐ.സി.യു കിടക്കകള്‍, 359 വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് വാക്‌സിന്‍ വിതരണവും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. യോഗത്തില്‍  മന്ത്രിമാരായ എ.സി. മൊയ്തീന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു 

തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും സഹകരണത്തോടെ  സമഗ്രമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കും. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണ്ണായകമായ പ്രവര്‍ത്തനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിയത്. ഈ മാതൃക പിന്തുടര്‍ന്നായിരിക്കും ജില്ലയിലെ പ്രവര്‍ത്തനം. ഇതിനായി ഓരോ പ്രാദേശിക ഭരണ സമിതികളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഡോമിസൈല്‍ കെയര്‍ സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവ ഉടന്‍ ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നല്‍കും. ഇത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയും പൂര്‍ത്തിയാക്കും. വാര്‍ഡ് തല സമിതികള്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് ബോധവത്കരണവും ക്വാറന്റൈനില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയും വിലയിരുത്തണം.

അതേസമയം ആശുപത്രികള്‍ എത്രമാത്രം സജ്ജമാക്കിയാലും രോഗവ്യാപനത്തിനും പ്രതിരോധത്തിനും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനത്തോടൊപ്പം നില്‍ക്കണം. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയുക, കൂട്ടം കൂടാതിരിക്കുക, രോഗവ്യാപനത്തിനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

Content Highlights: Covid outbreak Mass test again in Ernakulam