തിരുവനന്തപുരം:പുതിയ  കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. 

നിലവിൽ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) പഠനം നടത്തുകയാണ്. നിലവിലെ വാക്‌സിനുകൾ അതിജീവിക്കാനുള്ള കഴിവ് പുതിയ വൈറസ് വകഭേദത്തിനുണ്ടോ എന്നാണ് പഠിക്കുന്നത്.

എല്ലാവരും മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

അതേസമയം ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. നേരത്തെ തന്നെ കർശന നിയന്ത്രണങ്ങളുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാവേ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ഇസ്രായേൽ സിംഗപുർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർശനമായും പാലിക്കണം.

നിലവിൽ രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പല രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ഇസ്രായേലിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്ന വ്യക്തിക്കാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിലേക്കുള്ള വിമാന സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ നിലവിൽ നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം, പുതിയ വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങൾക്ക് യുഎഇ യാത്രാ വിലക്കേർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് യാത്രാവിലക്ക്. 

Content Highlights: COVID News Updates - omicron - health minister veena george statement