കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് പൂർണ്ണമായും ഒഴിവാക്കി കണ്ടെയ്ൻമെന്റ് സോണുകളിലും പുറത്തും വാക്സിനേഷൻ നൽകുന്നതിനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

രണ്ടാം ഡോസ് എടുക്കാനുള്ളവർക്കും സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസ് ലഭിക്കാത്തവർക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി. ശിവദാസ് പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ നടപടിക്രമങ്ങളാണ് ജില്ലാ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ജില്ലയിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.

കണ്ടെയ്ൻമെന്റ് സോണുകളിൽ

കണ്ടെയ്ൻമെന്റ് സോണുകളിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് മാത്രമായിരിക്കും വാക്സിനേഷൻ ഉണ്ടാവുക. വാക്സിൻ നൽകേണ്ട ആശുപത്രി മൈക്രോ കണ്ടെയ്ൻമെന്റ് സോണിലാണെങ്കിൽ സമീപത്തെ ഒരു ഔട്ട്റീച്ച് കേന്ദ്രത്തിൽ വെച്ച് വാക്സിനേഷൻ നൽകുന്നതായിരിക്കും. ഇതിനായി ഒരു കേന്ദ്രം കോവിഡ് വാക്സിൻ പ്രവർത്തന മാനദണ്ഡങ്ങൾ പ്രകാരം ക്രമീകരിക്കും.

വാക്സിനേഷൻ സെന്ററുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് മണിക്കൂറിൽ പരമാവധി 20 പേർക്കായിരിക്കും വാക്സിൻ നൽകുക. വാർഡ് അംഗം, ആശ വർക്കർ, ഫീൽഡ് സ്റ്റാഫ്, ഹെൽത്ത് വൊളന്റിയർ, പാലിയേറ്റീവ് നഴ്സ് എന്നിവരാണ് വാക്സിനെടുക്കാനുള്ളവരെ മൊബിലൈസ് ചെയ്യേണ്ടത്. ഇവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള ടൈം സ്ലോട്ടാണ് അനുവദിക്കുക. നിശ്ചിതസമയത്ത് കേന്ദ്രത്തിലെത്തി വാക്സിനെടുത്ത് മടങ്ങണം. കണ്ടെയ്ൻമെന്റ് സോണുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താനോ സ്പോട്ട് അലോട്ട്മെന്റോ ഉണ്ടായിരിക്കുന്നതല്ല. മുൻഗണനാക്രമം അനുസരിച്ചാണ് വാക്സിൻ വിതരണം നടത്തുക.

സെക്കൻഡ് ഡോസ് എടുക്കാനുള്ളവർക്കാണ് മുൻഗണന നൽകുക. ഇതിൽ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവർക്കാണ് ആദ്യ പരിഗണന. ആദ്യ ഡോസിനു ശേഷം 50-55 ദിവസം പൂർത്തിയാക്കിയവർക്കാണ് രണ്ടാമത്തെ പരിഗണന. ആദ്യ ഡോസ് കഴിഞ്ഞ് 42 മുതൽ 49 വരെ ദിവസം കഴിഞ്ഞവരെയാണ് പിന്നീട് പരിഗണിക്കുക. രണ്ടു പേർക്ക് ഒരേ തീയതി ഡ്യൂ ഡേറ്റ് ആയി വന്നാൽ പ്രായം കൂടിയ വ്യക്തിക്ക് മുൻഗണന നൽകും. ആദ്യ ഡോസ് എടുക്കാത്ത മുതിർന്ന പൗരന്മാരാണ് മുൻഗണനാ ക്രമത്തിൽ അടുത്തത്.

ഇവർക്ക് വാക്സിൻ നൽകില്ല

കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനിൽ കഴിയുന്നവർ, കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിലേർപ്പെട്ട് ഹോം ക്വാറന്റൈനിൽ കഴിയുന്നവർ, യാത്ര കഴിഞ്ഞെത്തി ഹോം ക്വാറന്റൈനിൽ കഴിയുവർ, പനി മറ്റ് രോഗലക്ഷണങ്ങളുളളവർ, മറ്റേതെങ്കിലും പകർച്ചവ്യാധികളുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതല്ല.

പട്ടിക തയാറാക്കും

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി വാക്സിനെടുക്കാനുള്ളവരുടെ ലിസ്റ്റ് തയാറാക്കും. വാർഡ് അംഗം/ആശ/ഫീൽഡ് സ്റ്റാഫ്/ഹെൽത്ത് വൊളന്റിയർ/പാലിയേറ്റീവ് നഴ്സ് എന്നിവരാണ് വാർഡ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തയാറാക്കേണ്ടത്. ഇവരെ ഫോണിൽ ബന്ധപ്പെട്ട് നിശ്ചിത ടൈം സ്ലോട്ട് അറിയിക്കുകയും അതാത് കേന്ദ്രങ്ങളിൽ എത്താൻ നിർദേശിക്കുകയും ചെയ്യും. മെഡിക്കൽ ഓഫീസർ, മേയർ/നഗരസഭാ ചെയർമാൻ/പഞ്ചായത്ത് പ്രസിഡന്റ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, അതാത് വാർഡ് അംഗം/കൗൺസിലർ എന്നിവരടങ്ങുന്ന നാലംഗ സമിതി ലിസ്റ്റ് പരിശോധിച്ച് മുൻഗണനാ ക്രമം അനുസരിച്ചാണ് വാക്സിനേഷൻ നടക്കുതെന്ന് ഉറപ്പാക്കും.

കണ്ടെയ്ൻമെന്റ് സോണിന് പുറത്ത്

കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് വാക്സിൻ നൽകുന്നതാണ്. തിരക്ക് ഒഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വാക്സിനേഷൻ. ജനസംഖ്യ, രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ എണ്ണം, സ്ഥാപനത്തിന്റെ വാക്സിൻ ശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ വാക്സിൻ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും ആശുപത്രികൾക്ക് വാക്സിൻ അലോട്ട് ചെയ്യുക.

വാക്സിനേഷൻ പ്രക്രിയ സുഗമമായി നിർവഹിക്കുന്നതിന് പോലീസിന്റെ സംരക്ഷണം ഓരോ കേന്ദ്രത്തിലുമുണ്ടാകും. വാക്സിൻ ലഭ്യമായ ആശുപത്രിയിലെത്തി വാക്സിനെടുക്കാവുന്നതാണ്. ക്യൂ നിൽക്കാനോ തിരക്കുണ്ടാക്കാനോ അനുവദിക്കില്ല. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്സിനേഷൻ.

സ്വകാര്യ ആശുപത്രികളിൽ ആദ്യ ഡോസ് വാക്സിൻ എടുത്ത രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവർക്ക്

ഹെൽത്ത് കെയർ വർക്കേഴ്സ്, ഫ്രണ്ട് ലൈൻ വർക്കേഴ്സ്, 45 വയസിനു മുകളിലുള്ളവർ എന്നീ വിഭാഗത്തിലുള്ള ഏപ്രിൽ 30 നോ അതിനു മുൻപോ സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആദ്യ ഡോസ് എടുത്തിട്ടുള്ളവർക്ക് സർക്കാർ കോവിഡ് വാക്സേനിഷൻ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാമത്തെ ഡോസ് സൗജന്യമായി എടുക്കാവുന്നതാണ്. ഈ വിഭാഗത്തിലുളളവർക്ക് വാക്സിൻ നൽകുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്കുള്ള മാർഗനിർദേശങ്ങൾ ഇപ്രകാരമാണ്.

കോവിഡ് വാക്സിൻ പ്രവർത്തനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ഏതെങ്കിലും ഒരു കേന്ദ്രം കണ്ടെത്തി വാക്സിനേഷൻ നൽകുന്നതിനാണ് തയാറെടുക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിക്ക് രണ്ട് മണിക്കൂർ വീതമുള്ള ടൈം സ്ലോട്ട് അനുവദിക്കും. ഒരു ആശുപത്രിക്ക് രണ്ടാം ഡോസ് എടുക്കാനുള്ള 50 പേർ എന്ന രീതിയിൽ 200 പേർക്ക് ഒരു ദിവസം വാക്സിൻ നൽകും.

രാവിലെ 9 മുതല്‍ 11 വരെ, 11-1, 1-3, 3-5 എന്നിങ്ങനെയുള്ള ടൈം സ്ലോട്ടുകളില്‍ മേല്‍ സൂചിപ്പിച്ച 50 പേരെ രണ്ടാം ഡോസിനായി സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രത്തിലെത്തിക്കാം. ഓരോ ആശുപത്രിക്കുമുള്ള ടൈം സ്ലോട്ട് വാക്സിനേഷൻ നോഡൽ ഓഫീസർ മുൻകൂട്ടി അറിയിക്കുന്നതാണ്.

മുൻഗണനാ പ്രകാരമായിരിക്കണം വാക്സിനേഷൻ എടുക്കാനുള്ളവരെ നിശ്ചയിക്കേണ്ടത്. സെക്കൻഡ് ഡോസ് എടുക്കാനുള്ളവർക്കാണ് മുൻഗണന. ഇതിൽ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവർക്കാണ് ആദ്യ പരിഗണന. ആദ്യ ഡോസിനു ശേഷം 50-55 ദിവസം പൂർത്തിയാക്കിയവർക്കാണ് രണ്ടാമത്തെ പരിഗണന. ആദ്യ ഡോസ് കഴിഞ്ഞ് 42-49 വരെ ദിവസം കഴിഞ്ഞവരെയാണ് പിന്നീട് പരിഗണിക്കുക. രണ്ടു പേർക്ക് ഒരേ തീയതി ഡ്യൂ ഡേറ്റ് ആയി വന്നാൽ പ്രായം കൂടിയ വ്യക്തിക്കായിരിക്കും മുൻഗണന നൽകുക.

കോവാക്സിൻ വിതരണം

സ്വകാര്യ ആശുപത്രികളിൽ കോവാക്സിൻ ആദ്യ ഡോസ് എടുത്തിട്ടുള്ളവർ രണ്ടാം ഡോസിനായി ബുധൻ, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഇടപ്പള്ളി ഫാമിലി ഹെൽത്ത് സെന്ററിൽ നിന്ന് വാക്സിൻ നൽകുന്നതാണ്.

പ്രധാന താലൂക്ക് ആശുപത്രികൾ, ജനറൽ ആശുപത്രി, മുവാറ്റുപുഴ, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മെയ് 15 മുതൽ എല്ലാ ശനിയാഴ്ചയും വാക്സിൻ ലഭിക്കും.

തദ്ദേശ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും, സ്വകാര്യ ആശുപത്രികളിൽ നിന്ന് ആദ്യ ഡോസ് വാക്സിനെടുക്കുകയും രണ്ടാം ഡോസ് ലഭിക്കാതിരിക്കുകയും ചെയ്തവർക്കായുള്ള വാക്സിനേഷൻ കേന്ദ്രം പ്രവർത്തിക്കുക.

Content Highlights:Covid Kerala New guidelines for covid vaccination in Ernakulam