പ്രതീകാത്മക ചിത്രം | Photo: A.P.
തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് നിര്‍ദ്ദേശമുണ്ടായത്. കോവിഡ് മോണിറ്ററിങ് സെല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ശരാശരി 7,000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐ.സി.യുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി.പി.ഇ. കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐ.ഇ.സി. ബോധവല്‍ക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങള്‍, എ.സി. മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.
പുതിയ വൈറസ് വകഭേദത്തിന് വലിയതോതില്‍ വ്യാപനശേഷി ഉള്ളതിനാല്‍ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേരീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Content Highlights: covid kerala booster dose 60 year old front line workers other patients
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..