കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

ലാബ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പരിശോധന നടത്തുന്നത് എന്ന പരാതി നേരത്തെ ലഭിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിന് ലൈസൻസോ ഐ സി എം ആർ അപ്രൂവലോ ഇല്ല. ഇവിടുത്തെ ജീവനക്കാർ ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവർത്തിച്ചിരുന്നത്. കൂടാതെ കോവിഡ് പരിശോധന ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ലാബ് ഇത് കൃത്യമായി അറിയിച്ചിരുന്നില്ല. തുടർന്ന് ജില്ലയിലെ കോവിഡ് കണക്കുകൾ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങൾ എൽ.ഡി.എം.എസ് പോർട്ടലിൽ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകൾ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധി, വാർഡ്/ ഡിവിഷൻ നമ്പർ ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തണം. കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നത് വിവിധ പ്രദേശങ്ങളിൽ ജനസംഖ്യാ ആനുപാതിക പ്രതിവാര രോഗനിരക്ക് കണക്കാക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

മുന്നറിയിപ്പ് നൽകിയിട്ടും പരിശോധനയ്ക്കായി എത്തുന്ന വ്യക്തികളുടെ മൊബൈൽ നമ്പർ വിവിധ ലാബുകൾ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കോവിഡ് രോഗബാധിതരായ വ്യക്തികളെ ബന്ധപ്പെടുന്നതിനും തുടർ അന്വേഷണം നടത്തുന്നതിനും തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇത്തരം ലാബുകൾക്കെതിരെ കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചിരുന്നു.

Content Highlights:Covid inspection in violation of norms Private lab in Edappally closed