കോട്ടയം: സ്ഥലംമാറ്റത്തിനുള്ള അപേക്ഷ അംഗീകരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും തമിഴ്നാട്ടിലെ മലയാളികളായ റെയില്‍വേ ജീവനക്കാര്‍ക്ക് നാട്ടിലെത്താനായിട്ടില്ല. കോവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി ഓഫീസര്‍മാരുടെ നിര്‍ബന്ധിത സ്ഥലംമാറ്റം പോലും റെയില്‍വേ നിര്‍ത്തിവെച്ചപ്പോഴാണ് കഴിഞ്ഞ ഓണക്കാലത്ത് വാഗ്ദാനം ചെയ്തിരുന്ന സ്ഥലംമാറ്റം നല്‍കാതെ ട്രാക്ക് മെയിന്റനര്‍, ഹെല്‍പ്പര്‍ തുടങ്ങിയ ഗ്രൂപ്പ് ഡി തസ്തികക്കാരെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നത്.

2549 മലയാളികളുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് ദക്ഷിണ റെയില്‍വേ ഉത്തരവിറക്കിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അന്ന് പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 2979 ഒഴിവുകളുണ്ടായിരുന്നു. തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ഇതുവരെ 800ല്‍ താഴെ സ്ഥലംമാറ്റം മാത്രമാണുണ്ടായത്.

ട്രാക്ക് മെയിന്റനര്‍ തൊഴിലാളികളാണ് അപേക്ഷിച്ചവരില്‍ ഭൂരിഭാഗവും. അവരില്‍ 400 ഓളം പേര്‍ക്കുമാത്രമാണ് സ്ഥലംമാറ്റം കിട്ടിയത്. മധുര ഡിവിഷനില്‍ 300ഓളം അപേക്ഷകളില്‍ നിന്ന് 180 പേര്‍ക്ക്, സേലത്ത് മുന്നൂറോളം അപേക്ഷകളില്‍ നിന്ന് അമ്പതോളം പേര്‍ക്ക്, തിരുച്ചിറപ്പള്ളിയില്‍ 200ല്‍ അധികം അപേക്ഷകളില്‍ നിന്ന് 30 പേര്‍ക്ക് എന്നിങ്ങനെയാണ് സ്ഥലംമാറ്റം.

സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ കൂടി കണക്കിലെടുത്താണ് ആര്‍.ആര്‍.ബി. കഴിഞ്ഞ തവണ ട്രാക്ക് മെയിന്റനര്‍ നിയമനം നടത്തിയത്. കൂടുതല്‍ അപേക്ഷകള്‍ ഉള്ളതിനാല്‍ കേരളത്തിലേക്ക് നിയമനം നടത്തിയതുമില്ല. ഇത് ഇവിടുത്തെ ജീവനക്കാരുടെ ജോലിഭാരവും വര്‍ധിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന ഉത്തരേന്ത്യന്‍ ജീവനക്കാരുടെ സ്ഥലംമാറ്റവും ഇതുമൂലം അനിശ്ചിതത്വത്തിലാണ്. അതേസമയം, 2019 മുതല്‍ സേലം, തിരുച്ചിറപ്പള്ളി ഡിവിഷനുകളില്‍ മാത്രം അഞ്ഞൂറോളം നിയമനങ്ങള്‍ നടത്തുകയും ചെയ്തു.

ഇതിനിടെ, ഒരാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയ വിവിധ ഡിവിഷനുകളിലെ പത്തിലധികം മലയാളികള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റീനിലാണ്. അംഗീകരിച്ചിരിക്കുന്ന അവധിയില്‍ കൂടുതല്‍ എടുത്തതിന്റെ പേരില്‍ തിരികെ ചെന്നാല്‍ അച്ചടക്ക നടപടിയുണ്ടാകുമോയെന്നും അത് സ്ഥലംമാറ്റത്തെ ബാധിക്കുമോ എന്നുമുള്ള ആശങ്കയിലാണവര്‍.

Content Highlights: COVID crisis, malayalee Railway employees trapped in Tamilnadu