തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക്‌ കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ കൊല്ലം അഞ്ചല്‍ സ്വദേശിനി, തിരുവന്തപുരം പൂന്തൂറ സ്വദേശി എന്നിവര്‍ക്കാണ്‌ രോഗം കണ്ടെത്തിയത്. 
 
കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് അഞ്ചല്‍ സ്വദേശിനിയായവിദ്യാര്‍ഥിനി പരീക്ഷ എഴുതിയത്. വിദ്യാര്‍ഥിനിക്കൊപ്പം കാറില്‍ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും രോഗ ബാധയില്ല.
 
19-മുതല്‍ വിദ്യാര്‍ഥിനി ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവെച്ചെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ട്. 16-ാം തിയതിയാണ് പരീക്ഷ നടന്നത്. 18-ന് ശാരീരിക അസ്വസ്ഥകളുണ്ടാകുകയും പരിശോധനകള്‍ നടത്തിയ ശേഷം 19-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് വിവരം പുറത്തുവിട്ടിരുന്നില്ല. 
 
കൊല്ലം ജില്ലയില്‍ രോഗവിവരങ്ങള്‍ മറച്ചുവെക്കുന്നതില്‍ നേരത്തെയും ആരോഗ്യ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന.
 
പൂന്തൂറ സ്വദേശി വലിയതുറയിലാണ് പരീക്ഷ എഴുതിയത്. ഈ വിദ്യാര്‍ഥിയുടെ അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ കണ്ടെയിന്‍മെന്റ് സോണിലായതിനാല്‍ വലിയതുറയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തിയിരുന്നത്.
 
സംസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ അഞ്ച്‌ വിദ്യാര്‍ഥികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒരു വിദ്യാര്‍ഥിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.