തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ല ഉള്ളതെന്ന് കേരളം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 21-ന് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. 

കേരളത്തില്‍ രണ്ട് മണ്ഡലങ്ങളിലടക്കം ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത് സെപ്റ്റംബര്‍ ആദ്യവാരമാണ്. അതിന് മുന്‍പ് തന്നെ കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാട് സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനവും കാലവര്‍ഷവും അടക്കമുള്ള സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റ് 21-ന് ചീഫ് സെക്രട്ടറി കത്തയച്ച കത്തയച്ചത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുതലാണ്. തിരഞ്ഞെടുപ്പില്‍ പ്രധാന പങ്കുവഹിക്കേണ്ട പോലീസ്, ആരോഗ്യം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളിലാണുള്ളത്. കൂടാതെ സംസ്ഥാനത്ത് മഴക്കാലമാണ്. മഴ തുടരുന്നതും കാലവര്‍ഷക്കെടുതികളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുകയാണെങ്കില്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍വരും. അതോടെ പല ക്ഷേമപദ്ധതികളും നിര്‍ത്തിവെക്കേണ്ടിവരും. കോവിഡിന്റെ ഭാഗമായുള്ള പ്രതിസന്ധികള്‍ക്കിടെ ക്ഷേമപദ്ധതികള്‍ക്കൂടി നിര്‍ത്തിവെക്കുന്നത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

കേരളത്തിന്റെ കത്ത് നല്‍കി, ഒരാഴ്ച കൂടി കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനം ഇക്കാര്യം അറിയിക്കുന്നതിനു മുന്‍പു തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ഇതേ നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

Content Highlights: Covid and monsoon- state had informed the Election Commission not to hold by-elections