പ്രതീകാത്മകചിത്രം | Photo : AFP
തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് കുറച്ചു ദിവസങ്ങള്‍കൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മ്മാതാക്കളില്‍ നിന്നും വാക്സിന് വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നാളെ മുതല്‍ നല്കാന് സാധിക്കില്ല. അതു മനസിലാക്കി വാക്സിന് കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകാതെ നോക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ 18 വയസിനുമുകളിലുള്ളവര്‍ക്ക് വാക്സിനേഷന് നടത്തണമെങ്കില്‍ 93 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്സിന് നല്‍കേണ്ടതായി വരും. 45 വയസ്സിനുമുകളിലുള്ളത്30 കോടി ആളുകളാണ്. അതില്‍ 12.95 കോടി ആളുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാക്സിന് ലഭ്യമാക്കിയിട്ടുള്ളത്.
കേരളത്തില്‍ മെയ് 30 നുള്ളില്‍ 45 വയസ്സിനുമുകളിലുള്ള ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്സിന് നമുക്കിതുവരെ ലഭിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രണ്ടാമത്തെ ഡോസ്കൂടെ കണക്കിലെടുത്താല്‍ 74 ലക്ഷത്തില്‍ പരം ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30-നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാല്‍ കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാകേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ വാക്സിനേഷന് സെന്ററുകള്‍ രോഗം പകര്‍ത്താനുള്ള കേന്ദ്രങ്ങളായി മാറരുത്. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്സിനേഷന് കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോള്‍ മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ചെല്ലാന്‍ പാടുകയുള്ളൂ. രണ്ടാമത്തെ ഡോസ്കിട്ടില്ലെന്ന പരിഭ്രാന്തി ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content HIghlights: COVID 19 vaccine CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..