തിരുവനന്തപുരം : കോവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ സ്റ്റോക്ക് അപര്യാപ്തമാണെന്ന് ആശങ്ക. സ്റ്റോക്ക് കുറവ് പല ജില്ലകളിലും മെഗാ വാക്സിനേഷന്‍ നടത്തുന്നതിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.  നിലവിലെ വാക്സിന്‍ സ്റ്റോക്ക് കൊണ്ട് ഇത്തരത്തില്‍ ക്യാമ്പുകള്‍ നടത്താനാകുമോ എന്നാണ് ആരോഗ്യപ്രവർത്തകരുടെ വേവലാതി. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

'ക്രഷിങ് ദി കര്‍വ്' പദ്ധതിയുടെ ഭാഗമായി മാസ്സ് വാക്സിനേഷന്‍ ക്യാമ്പുകള്‍ വ്യാപകമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവിലെ വാക്സിന്‍ സ്റ്റോക്ക് കൊണ്ട് ഇത്തരത്തില്‍ ക്യാമ്പുകള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് സൂചന. തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി കൂടുതല്‍ ഗൗരവം. ഇവിടെ കുറച്ച് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമാണ് ശേഷിക്കുന്നതെന്ന ആശങ്കയുമുണ്ട്.

മറ്റ് ജില്ലകളിലെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അടുത്ത ബാച്ച് വാക്സിന്‍ എത്തുന്നതുവരെ മാസ് വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടക്കമില്ലാതെ നടത്താനാകുമോയെന്ന എന്നതും ആരോഗ്യപ്രവർത്തകരെ അലട്ടുന്നു. ഏപ്രില്‍ 20നകം കേന്ദ്രം കേരളത്തിന് അനുവദിച്ച വാക്സിന്‍ ഡോസുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളെയടക്കം പങ്കാളികളാക്കി 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരുമാസത്തിനുള്ളില്‍ കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നിര്‍ദ്ദേശിച്ചതിലും വേഗത്തില്‍ വാക്സിനേഷന്‍ നടത്തിയാല്‍ വാക്സിന്‍ ക്ഷാമത്തിലേക്ക് പോയേക്കുമെന്നും ആശങ്കയുണ്ട്.

അതേസമയം, സംസ്ഥാനത്ത് നിലവില്‍ 10 ലക്ഷം ഡോസ് വാക്സിന്‍ സ്റ്റോക്കുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം തത്കാലമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഔദ്യോഗികമായി നല്‍കുന്ന സൂചന.

സംസ്ഥാനത്ത് ഇതുവരെ 11.48 ലക്ഷം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 11 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയത് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് സീറോ സര്‍വേ വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 

പരമാവധി ആരോഗ്യപ്രവര്‍ത്തകരും ഇതുവരെ വാക്സിന്‍ എടുത്തുകഴിഞ്ഞു. വാക്സിന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: covid 19 vaccination camp