തിരുവനന്തപുരം: കോവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാള്‍ പോസിറ്റീവാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ പോസിറ്റീവെങ്കില്‍ കേരളത്തിലത് 36 പേരില്‍ ഒന്നെന്നാണ് കണക്ക്. കിന്‍ഫ്ര പാർക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

"രോഗബാധിതരെ ആകെ കണ്ടെത്താനുള്ള സര്‍വയലന്‍സ് മെക്കാനിസം ആണ് നടക്കുന്നത്. ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളില്‍ 15ാം തീയതിയോടെയാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാര്‍ഗ്ഗരേഖയ്ക്ക് അനുസൃതമായാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

"വലിയതുറ, അഞ്ച്‌തെങ്ങ്, ചിറയിന്‍കീഴ്, കൊളത്തൂര്‍, നെയ്യാറ്റിന്‍കര, പനവൂര്‍, കടക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ പുതുക്കുറുച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ തുടര്‍ന്നാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. പൂന്തുറയിലും പുല്ലുവിളയിലും അനുവര്‍ത്തിച്ച പദ്ധതി മൂലം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ രോഗനിയന്ത്രണ നിര്‍വ്യാപന പ്രവൃത്തികള്‍ നടത്തുന്നുണ്ട്. പാറശ്ശാല, പട്ടം, കുന്നത്തുകാല്‍, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗബാധ അധികരിച്ചിട്ടുണ്ട്.  ഈ പ്രദേശങ്ങളില്‍ ഓരോന്നിലും രോഗിയന്ത്രണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്", മുഖ്യമന്ത്രി പറഞ്ഞു. 

ഇതുവരെ 39809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് ജില്ലയില്‍ ചെയ്തത്. ഇതിനു പുറമെ സമൂഹ വ്യാപനം ഉണ്ടോ എന്നറിയാന്‍ 6983 പൂള്‍ഡ് സാംപിളുകളും ശേകരിച്ചിട്ടുണ്ട്. ഇന്നലെ 709 റുട്ടീന്‍ സാംപിളുകളും നൂറോളം പൂള്‍ഡ് സാംപിളുകളുമാണ് ചെയ്തത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച റാപിഡ് ആന്റിജന്‍ ടെസ്റ്റുകളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

content highlights: Covid 19 threat in Thiruvananthapuram, 18 out of one turns positive