കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. തുടര്‍ച്ചയായി നാലു ദിവസം ആയിരത്തിലേറെ  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയില്‍ ഇന്ന് 2187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ രോഗബാധയാണിത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളും (11994) നിരീക്ഷണത്തിലുള്ളവരും (29641) ഉള്ളത് എറണാകുളത്താണ്. നിലവില്‍ ജില്ലയില്‍ 1414 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരം (1446) മാത്രമാണ് ഇക്കാര്യത്തില്‍ എറണാകുളത്തിന് മുന്നിലുള്ളത്. എന്നാല്‍, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലുള്ള കുതിച്ചുചാട്ടം ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജില്ലയില്‍ നിലവില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ കോവിഡ് രോഗികള്‍ക്കായി മൂവായിരത്തോളം കിടക്കകളാണ് ഉള്ളതെന്ന് ഡിസ്ട്രിക് പ്രൊജക്ട് മാനേജര്‍ (ഹെല്‍ത്ത്) മാത്യൂസ് പറയുന്നു. നിലവിലെ കണക്കനുസരിച്ച് പകുതിയോളം കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു. ടെസ്റ്റുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങള്‍ അപര്യാപ്തമായി മാറിയേക്കാം. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇതിനേക്കാള്‍ കുറവാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

അതേസമയം, ജില്ലയില്‍ കൂടുതല്‍ കോവിഡ് ബെഡുകളും എഫ്എല്‍റ്റിസികളും ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആലുവ ജില്ലാ ആശുപത്രിയില്‍ 60 ബെഡുകളുള്ള കോവിഡ് ബ്ലോക്ക് പ്രവര്‍ത്തനസജ്ജമായി. കൂടുതല്‍ എഫ്എല്‍ടിസികള്‍ തുടങ്ങാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും ജില്ല മുന്നിലാണ്. സംസ്ഥാനത്ത് ഏഴു ലക്ഷം വാക്‌സിനുകള്‍ നല്‍കുന്ന ആദ്യ ജില്ലയാണ് എറണാകുളം.

കോവിഡ് പ്രതിരോധത്തിനുള്ള യത്‌നത്തിലാണ് തങ്ങളെന്നും സ്ഥിതി നിയന്ത്രണ വിധേയമാകാന്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

covid 19 eranakulam
എറണാകുളം കളക്ടർ എസ്. സുഹാസ് കോവിഡ് ചികിത്സാ കേന്ദ്രം സന്ദർശിക്കുന്നു.

Content Highlights: Covid 19 spreads sharply in Eranakulam