പ്രതിയായ നൗഫൽ | Screengrab: Mathrubhumi News
പത്തനംതിട്ട: കോവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്.
പെണ്‍കുട്ടിയെ ഞായറാഴ്ച പരിശോധനക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
Content Highlights: Covid 19 patient was sexually assualted by ambulance driver
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..