പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി നൗഫലിനെ ആറന്മുളയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യുവതിയേയും സ്ഥലത്തെത്തിച്ചു.

ഞായറാഴ്ച വൈകുന്നേരം 5 45 ഓടുകൂടിയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. ആറന്മുളയിൽ നിന്നും പന്തളത്തേക്കുള്ള വഴിയിൽ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് എതിർവശത്തായി നാൽക്കാലിക്കൽ പാലത്തെ ഒഴിഞ്ഞ പറമ്പിലെത്തിച്ചാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം യുവതിയേയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം അടൂരിൽ നിന്ന് പ്രതിയേയും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ ആറന്മുള പദ്ധതിപ്രദേശത്താണ് സംഭവം നടന്നതെന്നും പ്രതി നാല്ക്കാലിൽ പാലത്തിന് സമീപത്തെ ഗ്രൗണ്ടിലാണെന്നുമാണ് മൊഴി നൽകിയത്. സ്ഥലം സംബന്ധിച്ചുള്ള മൊഴിയിലെ ഈ വൈരുദ്ധ്യം മാറ്റുന്നതിന് വേണ്ടിയാണ് പ്രതിയേയും യുവതിയേയും ഏകദേശം ഒരേ സമയത്ത് തെളിവെടുപ്പിനായി എത്തിച്ചത്.

അതേസമയം തെളിവെടുപ്പിൽ രണ്ട് പേരും ഒരേ സ്ഥലം തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.

നടപടികൾക്ക് ശേഷം പെൺകുട്ടിയെ പന്തളത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കും പ്രതി നൗഫലിനെ അടൂർ പോലീസ് സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

Content Highlights:Covid-19 patient molested in Ambulance done evidence collection