പ്രതീകാത്മകചിത്രം| Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരുടെ കൂട്ടപരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്.
വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കും. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുന്നത്. ഇതിലൂടെ ലഭ്യമായ പരിശോധനാ ഫലങ്ങള്‍ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്‍ഫ്ളുവന്‍സ ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവര്‍, വാക്സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍ (ഡോക്ടറുടെ നിര്‍ദേശ പ്രകാരം) എന്നിവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. കോവിഡ് മുക്തരായവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിളുകള്‍ അയയ്ക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യുമെന്നും മന്ത്രി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..