ന്യൂഡല്‍ഹി: ലോക്ഡൗണ്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കേരളം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.  പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി ആവശ്യപ്പെട്ടിട്ടാണ്  ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളില്‍ ഇളവ് അനുവദിച്ചത് എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബക്രീദിന് ലോക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ കുറിച്ച്  ചീഫ് സെക്രട്ടറി വി പി ജോയ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ലോക്ഡോണ്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്.  മൂന്ന് മാസമായി നീണ്ടുനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ജനം അസ്വസ്ഥരാണ്.  

വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ കാരണം രോഗവ്യാപനം കുറയില്ല എന്ന്  ഐഎംഎ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലായ സ്ഥലങ്ങള്‍ക്ക് ആയി പ്രത്യേക പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാക്കി വരുന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്‌ഡൌണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പികെഡി നമ്പ്യാര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയില്‍  ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും.

Content Highlights: COVID 19 lockdown Supreme Court