തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലീസ് പാസ് വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ സത്യവാങ്മൂലം കൈയില്‍ കരുതണം.

വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് കാര്‍മികത്വംവഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ നല്‍കാം.

ലോക്ഡൗണില്‍ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മാണസ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുള്ള സൗകര്യം കരാറുകാരന്‍ ഒരുക്കണം. അതിന് കഴിയില്ലെങ്കില്‍ യാത്രാസൗകര്യം നല്‍കണം.

ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായി ചുരുക്കി. ഇടപാടുകള്‍ പത്തുമുതല്‍ ഒന്നുവരെ.

ക്രമീകരണങ്ങള്‍

 • വാര്‍ഡ്തല സമിതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്
 • മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യണം. 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
 • തട്ടുകടകള്‍ പാടില്ല
 • ഹാര്‍ബര്‍ ലേലം നിര്‍ത്തി
 • ചിട്ടിതവണ പിരിവിന് വിലക്ക്
 • ചരക്കുഗതാഗതത്തിന് തടസ്സമില്ല
 • കോടതി ചേരുന്നുണ്ടെങ്കില്‍ അഭിഭാഷകര്‍ക്കും ഗുമസ്തന്‍മാര്‍ക്കും യാത്രാനുമതി.
 • ഭക്ഷ്യവസ്തുക്കള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കിങ് യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
 • വാഹന വര്‍ക്ക്ഷോപ്പുകള്‍ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.
 • കള്ളുഷാപ്പുകള്‍ അടച്ചു
 • മാധ്യമപ്രവര്‍ത്തകരെ തടയില്ല.

Content Highlights: Covid 19- Lockdown started in kerala