തിരുവനന്തപുരം: കേരളം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വീട്ടില്‍ സൗകര്യള്ള എല്ലാവരേയും ഹോം ക്വാറന്റീന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റീനാണെന്നും മന്ത്രി പറഞ്ഞു.

തുടക്കത്തില്‍ ഹോം ക്വാറന്റീനില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാലിപ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ആ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വീറന്റീന്‍ പ്രായോഗികമല്ലെന്ന് ലോക ലോകരാഷ്ട്രങ്ങളാകെ മനസിലാക്കിയിട്ടുണ്ട്. പക്ഷേ ഹോം ക്വാറന്റീന്‍ വിജയിക്കണമെങ്കില്‍ ജനങ്ങളെ നന്നായി ബോധവല്‍ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഹോം ക്വാറന്റീനാണ് നമ്മള്‍ പ്രധാനമായും നിര്‍ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വീടുകളില്‍ ശൗചാലയമുള്ള മുറിയില്ലെങ്കില്‍ അവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലാക്കാനാണ് തീരുമാനം.എവിടെയായാലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സാധിക്കുമെന്നത് വസ്തുതയാണ്. നിര്‍ദേശങ്ങളും ക്വാറന്റീന്‍ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആളുകള്‍ വര്‍ധിച്ചാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ ബുദ്ധിമുട്ടായിരിക്കും. കുറച്ചുപേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കാന്‍ സാധിക്കുക. ആളുകള്‍ കൂടുമ്പോള്‍ ഇതില്‍ മാറ്റം വരും. അപ്പോള്‍ പരാതികള്‍ വരുന്നത് സ്വാഭാവികമാണ്. പിന്നെയും ആളുകള്‍ വന്നാല്‍ ഇതും ലഭിക്കാത്ത അവസ്ഥ വരുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. 

കേരളത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കും എന്നത് കണക്കാക്കിയ കാര്യം തന്നെയാണ്. കണക്കാക്കിയതിന് അപ്പുറമുള്ള വര്‍ധനവ് തോന്നിയിട്ടില്ല. എന്നാല്‍ എണ്ണം വര്‍ധിക്കുമ്പോഴുള്ള എല്ലാ പ്രശനങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതായിട്ടുണ്ട്. അത് നേരിടാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രി പറഞ്ഞു. 

രണ്ടാമതും രോഗികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ഭൂരിപക്ഷവും പുറത്തുനിന്ന് വന്നവരാണ്. 10 ശതമാനത്തിലും 15 ശതമാനത്തിലും ഇടയിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം. സമ്പര്‍ക്കം വഴിയുള്ളത് രോഗവ്യാപനം കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. രോഗം മറ്റുള്ളവരിലേക്ക് പകരാതെ ശ്രദ്ധിച്ചാല്‍ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഒരുപാട് മരണങ്ങളില്ലാതെ രക്ഷപെടാമെന്നും മന്ത്രി പറഞ്ഞു. 

Content Highlights: Covid 19 in kerala, institutional quarantine in kerala, K K Shailaja