കോഴിക്കോട്: കരുണാകരേട്ടന്‍ ഹിന്ദി പറയുന്നത് കേട്ടാല്‍ അതിഥിതൊഴിലാളികള്‍ക്ക് വീട്ടിലെ കാരണവന്‍ പറയുന്നത് പോലെയാണ്. അവര്‍ എല്ലാം കേട്ട് സംശയങ്ങള്‍ ദൂരികരിച്ച് കൂട്ടത്തിലുള്ളവരെ കൂടി ബോധവാന്‍മാരാക്കും. കോവിഡ് ലോക്ഡൗണ്‍ ലംഘിച്ച് പായിപ്പാട്ട് കഴിഞ്ഞ ദിവസം അതിഥി തൊഴിലാളികള്‍ വലിയ രീതിയില്‍ ഒത്തുകൂടിയതോടെയാണ് മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന കെ.കരുണാകരന്‍ വൈറലായത്. ലോക്ഡൗണ്‍ മൂലം നാട്ടിലേക്ക് പോവാന്‍ കഴിയാതായി പോയ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെത്തി കരുണാകരനും സംഘവും ബോധവല്‍ക്കരണം നടത്തുന്ന വീഡിയോ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. 

ഇരുപത്തിരണ്ട് വര്‍ഷം കരസേനാ ഉദ്യോഗസ്ഥനായി ജോലി ചെയ്ത കരുണാകരന്‍ പത്ത് വര്‍ഷമായി ഹോംഗാര്‍ഡാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷന് കീഴിലാണ് ജോലി. ലോക് ഡൗണ്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്നെ സ്റ്റേഷന്‍ പരിധിയിലെ പ്രധാന ക്യാമ്പുകളിലെല്ലാമെത്തി ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് കരുണാകരനും സംഘവുമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്ക് പോവണമെന്ന് വാശിപിടിച്ചിരുന്ന പലര്‍ക്കും കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടെന്നും ഇപ്പോഴുള്ളിടത്ത് തന്നെ നില്‍ക്കാന്‍ ഇവര്‍ സന്നദ്ധമായത് അതുകൊണ്ടാണെന്നും പറയുന്നു കരുണാകരന്‍.

കൃത്യമായ ബോധവല്‍ക്കരണം നല്‍കിയാല്‍ ഒപ്പം നില്‍ക്കുന്നവരാണ് അതിഥി തൊഴിലാളികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പായിപ്പാട്ട് ഉണ്ടായ സംഭവമടക്കം ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത കൊണ്ടുണ്ടായതാണ്. 

മേപ്പയ്യൂരിലെ റൂബി സൂപ്പര്‍മര്‍ക്കറ്റിന് സമീപത്ത് നടന്ന ബോധവല്‍ക്കരണ ക്യാമ്പിലെ വീഡിയോ ആണ് കഴിഞ്ഞ ദിവസം വലിയ രീതിയില്‍ പ്രചരിച്ചത്. പായിപ്പാട്ടെ സംഭവത്തോടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Content Highlights: covid 19 Home Guards