കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ടാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാന്‍ യോഗം തീരുമാനിച്ചു. 

ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ ക്രമാതീതമായി എത്തുന്നത് അപകടകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. കൂടുതല്‍ ആളുകള്‍ എത്തുകയാണെങ്കില്‍ ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന് പോലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ക്കും ചുമതല നല്‍കി. വൈകീട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളില്‍ ആളുകളെ അനുവദിക്കില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 

ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ 100-ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. 10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടാവണം. 

വിവാഹ ചടങ്ങുകള്‍ കൂടുതല്‍ ദിവസങ്ങളിലായി നടത്തുന്നത് കര്‍ശനമായും തടയും. 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. അടച്ചിട്ട മുറികളിലാണെങ്കില്‍ 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊതുവാഹനങ്ങളില്‍ സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്രചെയ്യാന്‍ അനുവദിക്കുകയില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കും. പ്രായമായവര്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. 30 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു. കോവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

യോഗത്തില്‍ സിറ്റി പോലിസ് കമ്മിഷണര്‍ എ.വി ജോര്‍ജ്ജ്, എ.ഡി.എം എന്‍ പ്രേമചന്ദ്രന്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല, റൂറല്‍ അഡി.എസ്.പി എം. പ്രദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എം പീയൂഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.മോഹനന്‍ മാസ്റ്റര്‍, ടി.വി ബാലന്‍, പി.എം അബ്ദുറഹ്മാന്‍, കെ.മൊയ്തീന്‍ കോയ, തളത്തില്‍ ചക്രായുധന്‍, ഹരിദാസ് പൊക്കിണാരി, കെ.ലോഹ്യ, ഷര്‍മ്മദ് ഖാന്‍ ഒളവണ്ണ, എന്‍.സി മോയിന്‍ കുട്ടി, പി.ആര്‍ സുനില്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Covid 19- control to be strengthened at Kozhikode; no political public events for two-week