തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അതീവ ജാഗ്രത തുടരുന്നതിനടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുറത്ത് വിട്ട കോവിഡ് കണക്കുകളിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ആകെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരിക്കുന്നത്. ഇതിലൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനാണ്. ഇടുക്കി ജില്ലയിലെ രണ്ട് പേരും കോട്ടയം ജില്ലകളിലെ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച മറ്റുള്ളവര്‍. 

നേരത്തെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനത്ത് പഞ്ചായത്ത് തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജില്ലയില്‍ എംഎല്‍എ മാരും, മന്ത്രിമാരും, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ തീരുമാനമായെന്നും കടകംപള്ളി അറിയിച്ചു.

തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ടാക്സി യൂബര്‍ എന്നിവയില്‍ കയറുമ്പോഴും പേരും നമ്പര്‍ വിവരങ്ങളും കുറിച്ചെടുക്കണം. സമ്പര്‍ക്കമുണ്ടായവരെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാനാണിത്.

Content Highlights: Covid 19 confirmed for security staff in thiruvananthapuram medical college