തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 99 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരെ പരിശോധിച്ചതിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
പുതുതായി ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയിലിനുള്ളില്‍ രോഗം പടരാനുള്ള സാധ്യത കുറവായിരുന്നു. എന്നാല്‍ അന്തേവാസികളില്‍ ഒരാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവന്‍ അന്തേവാസികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനമായത്.
മൂന്നു ദിവസമായി ജയിലില്‍ കോവിഡ് പരിശോധന നടത്തിവരികയാണ്. കുറ്റവാളികള്‍ക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ജയിലില്‍ നിന്നു തന്നെ ജയില്‍ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജയില്‍ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ജയില്‍ ഡി.ജി.പി. ഉത്തരവിട്ടത്.
വരും ദിവസങ്ങളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രമുള്ള 975 അന്തേവാസികള്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്.
Content highlight: covid 19 cases increases among the inmates of poojappura central jail