പ്രതീകാത്മക ചിത്രം | Photo: ANI
തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലെ 12 ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ. കോവിഡ് ജാഗ്രതാ പോര്‍ട്ടലിനെയും നോര്‍ക്ക റൂട്സിനെയും ഉദ്ധരിച്ചുള്ള ഈ കണക്ക് അന്തിമമല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഭൂരിഭാഗം പേരും വിദേശത്തേക്ക് മടങ്ങിയെന്നും പറയുന്നുണ്ടെങ്കിലും അത് സന്ദര്‍ശക വിസയിലാണോ തൊഴില്‍ വിസയിലാണോ എന്ന് വ്യക്തമാക്കുന്നില്ല. അതേസമയം, നാട്ടിലേക്ക് മടങ്ങിയവരില്‍ വലിയൊരു വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.
കോവിഡ് കാലത്ത് ആകെ 17,48,431 പ്രവാസികള്‍ മടങ്ങിയെത്തി. ഇതില്‍ 12,64043 പേരുടെ (72 ശതമാനം) തൊഴില്‍ നഷ്ടപ്പെട്ടു. യു.എ.ഇ.യില്‍നിന്നാണ് കൂടുതല്‍ പേര് മടങ്ങിയത്-10,39,651 പേര്. രണ്ടാമത് സൗദിയില്‍നിന്ന്-1,91,797 പേര്. 2018-ലെ കണക്കനുസരിച്ച് 21,21,888 പേരാണ് വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍. ഇതില്‍ പാതിയിലേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് സര്‍വേ പറയുന്നു. ഒരു വര്‍ഷം കേരളത്തിലേക്ക് പ്രവാസികള്‍ 20,000 കോടിയോളം രൂപ അയക്കുന്നുണ്ടെന്ന് ബാങ്കിങ് മേഖല പറയുന്നു. പാതിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഈ വരവ് ഗണ്യമായി കുറയാം. കൂടുതല്‍ പ്രവാസികളുള്ള(4,06,054 പേര്) മലപ്പുറത്തെയാണിത് ബാധിക്കുക.
കോവിഡ് കാരണം സാധാരണ വിമാനസര്‍വീസുകള്‍ നന്നേ കുറഞ്ഞ 2020 മേയ് മുതല്‍ 2021 ഓഗസ്റ്റ് വരെ 35,05,671 പേര് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തിയെന്ന സര്‍വേയിലെ കണ്ടെത്തല്‍ പ്രവാസികളുടെ മടങ്ങിവരവിന്റെ രൂക്ഷത വ്യക്തമാക്കുന്നു. കൊച്ചി വിമാനത്താവളത്തിലാണ് ഏറ്റവും കൂടുതല്‍ പേര് വന്നത്-12,950 സര്‍വീസുകളിലായി 13,90,165 പേര്. രണ്ടാമത് കരിപ്പൂരാണ്-8600 സര്‍വീസുകളിലായി 10,29,980 പേര്. തൊഴിലവസരം കുറഞ്ഞതിനാല്‍ കോവിഡിനുമുമ്പുതന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറഞ്ഞു. 2013-ല്‍ 24,00,375 പ്രവാസികളുണ്ടായിരുന്ന കേരളത്തില്‍ 2018 ആയപ്പോഴേക്കും ഇത് 21,21,888 ആയി. 2.78 ലക്ഷത്തോളം കുറവ്.
സമഗ്ര സര്‍വേ വേണം
കേരളത്തിലെ പ്രവാസികളുടെ എണ്ണവും തൊഴിലും കണക്കാക്കാന്‍ സമഗ്ര സര്‍വേ നടത്തണം. അടുത്തകാലത്തായി ഒട്ടേറെ മാറ്റം സംഭവിക്കുന്ന മേഖലയാണിത്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവന്നതായി പറയുന്ന 12.6 ലക്ഷം പേരില്‍ തൊഴില്‍ വിസ ലഭിച്ച് തിരികെ പോയവര്‍ എത്രയെന്ന് കൃത്യമായി കണക്കാക്കേണ്ടതുണ്ട്. കൃത്യമായ ഡേറ്റ ലഭിച്ചാലേ ശരിയായ നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിയൂ. -ഇരുദയ രാജന്, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം
തിരിച്ചെത്തിയ പ്രവാസികള്‍ രാജ്യം എണ്ണം
- യു.എ.ഇ. 10,39,651
- സൗദി 1,91,797
- ഖത്തര്‍ 1,90,974
- ഒമാന്‍ 1,57,965
- ബഹ്റൈന്‍ 51,863
- കുവൈത്ത് 58,186
- മറ്റ് രാജ്യങ്ങള്‍ 57,995
- ആകെ 17,48,431
- തൊഴില്‍ നഷ്ടപ്പെട്ടവര്‍ 12,64,043
- വിസ കഴിഞ്ഞവര്‍, മറ്റുള്ളവര്‍ 3,34,747
- പത്തുവയസ്സില്‍ താഴെയുള്ളവര്‍ 98,487
- മുതിര്‍ന്ന പൗരന്മാര് 33,375
- ഗര്‍ഭിണികള്‍ 14,338
- ഗര്‍ഭിണികളുടെ പങ്കാളികള്‍ 3,441
- ആകെ 17,48,431
Content Highlights: covid 12.6 lakh expatriates lost their jobs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..