കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പുതുവക്കുമെതിരെയാണ് കേസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.
അലക്‌സിയന്‍ ബ്രദേഴ്‌സ് അതിരൂപതയ്ക്ക് നല്‍കിയ ഭൂമി കരാര്‍ ലംഘിച്ച് മറിച്ചുവിറ്റുവെന്ന ഹര്‍ജിയിലാണ് സമന്‍സ് അയക്കാന്‍ ഉത്തരവായത്. ഭൂമി മറിച്ചുവിറ്റതില്‍ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന ഉറപ്പില്‍ കൈമാറിയ ഭൂമി 16 ആധാരങ്ങളിലായി മറിച്ചുവിറ്റുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് കര്‍ദിനാളും ഫാ ജോഷി പുതുവയും കോടതിയില്‍ ഹാജരാകാനാണ് സമന്‍സ്.
ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരായ രണ്ടാമത്തെ കേസാണിത്. സമാനമായ അഞ്ചു കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്.
content highlights: court produce summons to cardinal mar george alencherry