തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്‍ പ്രതിയായ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിനെ കുരുക്കി കോടതി. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ഫലം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കോടതി ശ്രീറാം മദ്യപിച്ചു എന്ന് എങ്ങനെ കണ്ടെത്തിയന്നും ചോദിച്ചു. 

ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടു. പോലീസിന്റെ കസ്റ്റഡി അപേക്ഷയും ശ്രീറാമിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ചതാണ് ഫലം എതിരാകാന്‍ കാരണമായതെന്നാണ് പ്രധാന ആക്ഷേപം. കയ്യില്‍ പരിക്കുണ്ട് എന്ന കാരണം പറഞ്ഞ് ശ്രീറാമിന്റെ വിരലടയാളം എടുക്കാനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് വിരലടയാളം നിര്‍ണായക തെളിവാണെന്നിരിക്കെയാണ് പോലീസ് കേസ് അട്ടിമറിക്കാനായി ഈ നീക്കം നടത്തുന്നത്. കാറിന്റെ സ്റ്റിയറിങില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു കഴിഞ്ഞു. രക്ത പരിശോധന കഴിഞ്ഞാല്‍ ശ്രീറാമിനെതിരായി ഉണ്ടാവേണ്ട നിര്‍ണായക തെളിവാണ് ഈ ഫോറന്‍സിക് ഫലമെന്നിരിക്കെയാണ് പോലീസിന്റെ ഈ നീക്കം. 

അതേസമയം ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള കോടതി രേഖകളില്‍ ശ്രീറാം തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. അതിനാല്‍ കൈക്ക് പരിക്കുള്ളതിനാല്‍ വിരലടയാളം ശേഖരിക്കാന്‍ കഴിഞ്ഞില്ല എന്ന പോലീസ് വാദം തെറ്റാണെന്ന് വ്യക്തമാണ്.