കൊച്ചി:  മോന്‍സണ്‍ കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍. പരിധി വിട്ടുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവറായ ഇ.വി അജിത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടാണ്. ആ ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരന്‍ ഉന്നയിക്കാത്ത ആവശ്യങ്ങളിലേക്ക് ഹൈക്കോടതി പോകുന്നുവെന്നതാണ് പ്രധാന വിമര്‍ശനമായി സര്‍ക്കാര്‍ ഉന്നയിച്ചത്.

നിയമപരമായി അത്തരത്തില്‍ പോകാന്‍ കോടതിക്ക് കഴിയില്ല എന്നകാര്യമാണ് സര്‍ക്കാര്‍ കോടതിയെ ഓര്‍മ്മിപ്പിച്ചത്. ഹര്‍ജിക്കാരന് ഇല്ലാത്ത ആവശ്യങ്ങള്‍ കോടതി മുന്നോട്ടുവെക്കുന്നു. അതോടൊപ്പം കോടതി ഈ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങളും നിലവില്‍ ഈ കേസിനേയും അന്വേഷണത്തേയും ദോഷകരമായി ബാധിക്കുന്നു. പല പ്രതികരണങ്ങളും കേസിലെ പ്രതികള്‍ക്ക് അനുകൂലമാകുന്ന തരത്തിലേക്കാണ് പോകുന്നതെന്നും സര്‍ക്കാര്‍ കോടതിയെ ഓര്‍മ്മപ്പെടുത്തി. പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി എത്തിനില്‍ക്കുന്നത് ഈ കേസ് സിബിഐ അന്വേഷിക്കണ്ടെ എന്നതിലാണ്. ഇത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്താണ് സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

കേസില്‍ ഇ.ഡിയെ കൂടി കക്ഷി ചേര്‍ത്തുകൂടെ എന്ന് കോടതി തന്നെ അങ്ങോട്ട് ആരായുന്ന സാഹചര്യമുണ്ടായി. ഹര്‍ജിക്കാരനോട് ഇതുമായി ബന്ധപ്പെട്ട് ഉപഹര്‍ജി ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി തന്നെ ആവശ്യപ്പെടുന്നു എന്നതാണ് സര്‍ക്കാരിന്റെ വിമര്‍ശനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ പോലീസ് സംരക്ഷണം എങ്ങനെ ഉചിതമാകും എന്ന ചോദ്യം കോടതിയില്‍ നിന്നുണ്ടാകുന്നു. ഇതെല്ലാം തന്നെ ഹര്‍ജിക്കാരന്റെ ആവശ്യത്തിന് അപ്പുറം കടന്നുള്ള ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത് നിയമപരമായി തെറ്റാണ് എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഹര്‍ജിക്കാരന്റെ ആവശ്യത്തിന് അപ്പുറത്തേക്ക് പോകാന്‍ ആവില്ല എന്ന നിയമപ്രശ്‌നമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.  

Content Highlights: Kerala Highcourt, affidavit, state government