Photo: PTI
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷവിമര്‍ശനം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവായി രേഖകളുണ്ടെങ്കില്‍ അവ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്ത ബോധത്തോടെയാണ് കസേരയില്‍ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതി ജഡ്ജി പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്‍കി.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളുണ്ടോയെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പറയരുത്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന് ഇത്ര അസഹിഷ്ണുത എന്തിനാണെന്നും കോടതി ചോദിച്ചു.
സാധ്യതകളെക്കുറിച്ചല്ല, തെളിവുകളെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ പറയേണ്ടത്. കേസില്‍ മുമ്പ് പരിശോധിച്ച ആരോപണങ്ങള്‍ക്കപ്പുറം നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്താണെന്നും കോടതി ചോദിച്ചു.
കോടതി രേഖകള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലും കോടതി പ്രോസിക്യൂഷനെ വിമര്‍ശിച്ചു. അഭിഭാഷകര്‍ പോലീസ് പ്രോസിക്യൂട്ടറല്ല പബ്ലിക് പ്രോസിക്യൂട്ടറാണ് എന്ന കാര്യം മറക്കരുത്. കോടതിയെ പുക മറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയില്‍ ഇരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഏതെങ്കിലും തരത്തിലുള്ള തെളിവുകളുണ്ടെങ്കില്‍ ആ തെളിവുകള്‍ നല്‍കുകയാണ് വേണ്ടത്. അല്ലാതെ കോടതി ഹര്‍ജി പിടിച്ചുവയ്ക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണ സംഘം വീണ്ടെടുത്ത ശബ്ദ റെക്കോഡുകള്‍ ഉള്‍പ്പെടെ എങ്ങനെ പുറത്തുപോയെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.അതേസമയം തെളിവുകളൊന്നും തങ്ങള്‍ പുറത്തുകൊടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.
Content Highlights: court criticize prosecution in dileep's bail case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..