അടിമാലി: ഇടുക്കി അടിമാലിയില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവേക്, ശിവഗംഗ എന്നിവരാണ് മരിച്ചത്. അഞ്ചുദിവസം മുന്‍പാണ് ഇവരെ അടിമാലിയില്‍നിന്ന് കാണാതായത്. 

ചെറുതോണി പാല്‍ക്കുളമേട്ടില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഒരു മരത്തില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്നാം തിയതിയാണ് അയല്‍വാസികളായ വിവേകിനെയും ശിവഗംഗയെയും കാണാതായത്.

ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവന്നിരുന്നത്. 

കാണാതായതിന്റെ തൊട്ടടുത്ത ദിവസം വിവേകിന്റെ ബൈക്ക് ചെറുതോണിക്ക് സമീപം വിനോദസഞ്ചാര മേഖലയായ പാല്‍ക്കുളമേട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ അവിടുത്തെ വനമേഖല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. 

ഇന്ന് വനമേഖലയില്‍ ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ശിവഗംഗയുടെ ഷാള്‍ രണ്ടായി കീറിയ ശേഷം അതില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. മൃതദേഹങ്ങള്‍ക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇരുവരും നാടുവിട്ടു പോകുമെന്ന് വിവേക് അടുത്തസുഹൃത്തുക്കളോടു പറഞ്ഞിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

content highlights: couple commits suicide