ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പതിവിന് വിപരീതമായി ഇത്തണത്തെ കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പേരില്‍ മുന്നണിക്കകത്തുള്ള പ്രശ്‌നങ്ങള്‍ മുതല്‍ വോട്ട് രേഖപ്പെടുത്തിയതിലെ അപാകതകള്‍ വരെ സംഘര്‍ഷാവസ്ഥകള്‍ക്ക് കാരണമായി. പലയിടത്തും മണിക്കൂറുകള്‍ നീണ്ട അനിശ്ചിതാവസ്ഥകള്‍ക്കു ശേഷമാണ് അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
ആലപ്പുഴയില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍
ആലപ്പുഴ നഗരസഭ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം. നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സി.പി.എമ്മിനെ സംബന്ധിച്ച് അപൂര്‍വ്വമായ സംഭവമായി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ ഇവിടെ പ്രകോപിപ്പിച്ചത്.
പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി. ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയര്‍ന്നത്. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്.
നെടുമങ്ങാട്ട് സി.പി.ഐയെ തോല്‍പ്പിച്ച് സി.പി.എം.
നെടുമങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ പോരാട്ടവും ഇത്തവണത്തെ അപൂര്‍വ കാഴ്ചയായി. സി.പി.ഐയ്ക്ക് ഉപാധ്യക്ഷ സ്ഥാനം നല്‍കാമെന്ന് നേരത്തെയുണ്ടാക്കിയിരുന്ന ധാരണ തെറ്റിച്ചതാണ് ഇവിടെ സി.പി.എം.-സി.പി.ഐ. ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐയും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. സി.പി.എം. സ്ഥാനാര്‍ഥി ഹരികേശന്‍ നായരാണ് വിജയിച്ചത്- 24 വോട്ടിന്. മൂന്ന് വോട്ടാണ് സി.പി.ഐ. സ്ഥാനാര്‍ഥി എസ്. രവീന്ദ്രന് ലഭിച്ചത്.
എല്‍.ഡി.എഫ്. ധാരണ പ്രകാരം സി.പി.ഐക്കാണ് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കില്ലെന്ന് സി.പി.എം. നേതാക്കള്‍ വ്യക്തമാക്കി. സി.പി.എം. വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന എസ്. രവീന്ദ്രനെ അംഗീകരിക്കാനാവില്ലെന്നതായിരുന്നു സി.പി.എമ്മിന്റെ നിലപാട്. ഇതാണ് ഘടകകക്ഷികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.
കൊച്ചിയില്‍ സമയത്തെച്ചൊല്ലി തര്‍ക്കം, കയ്യാങ്കളി
കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് കാരണമായി. വൈകിയെത്തിയ സി.പി.എം. അംഗങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്. പ്രതിഷേധിച്ചത്.
ഉച്ച കഴിഞ്ഞ് രണ്ടു മണിക്കായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ എത്തിയത് രണ്ടുമണി കഴിഞ്ഞാണ്. വൈകി എത്തിയ എല്‍.ഡി.എഫ്. അംഗങ്ങളെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കരുതെന്നും രണ്ടു മണിക്ക് കൗണ്‍സിലില്‍ എത്തിയ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നുമായിരുന്നു യു.ഡി.എഫിന്റെ ആവശ്യം.
വരണാധികാരിയായ കളക്ടര്‍ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകിയെത്തിയ അംഗങ്ങള്‍ ഒപ്പിടാതിരിക്കുന്നതിന് രജിസ്റ്റര്‍ പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നു. തുടര്‍ന്ന് കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. രജിസ്റ്ററില്‍ ആരൊക്കെ വൈകിവന്ന് ഒപ്പിട്ടു എന്ന് പരിശോധിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
വോട്ടു മാറി, പാലക്കാട്ട് ഏറെ നേരം സംഘര്‍ഷം
പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. ബിജെപി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബി.ജെ.പിക്ക് പകരം സി.പി.എമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. എന്നാല്‍, ഇതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി.
ബോക്സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. ഇത് വലിയ ബഹളത്തിനിടയാക്കി. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ബാലറ്റ് തിരിച്ച് നല്‍കിയില്ലെങ്കില്‍ നടപടി നേരിടുമെന്ന് വരണാധികാരി അറിയിച്ചു. തുടര്‍ന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
കണ്ണൂരില്‍ തര്‍ക്കം ലീഗില്‍, കാറു തടഞ്ഞ് പ്രതിഷേധം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരിലെ മുസ്ലിം ലീഗില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടു.ത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയാണ് ഷബീനയെ തിരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടയുകയും 15 മിനുട്ടോളം പ്രതിഷേധിക്കുകയും ചെയ്തു. ജനാധിപത്യം പാലിച്ചില്ലെന്നും കോണ്‍ഗ്രസില്‍ നടന്നതുപോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു.
Content Highlights: corporation municipality mayor chairperson election kerala- clash in many places
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..