
ജനത കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ വിജനമായ കൊല്ലം ചിന്നക്കട റൗണ്ടും പരിസരവും. ഫോട്ടോ: അജിത് പനച്ചിക്കൽ.
ന്യൂഡല്‍ഹി: കേന്ദ്ര നിര്‍ദേശം അനുസരിച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക.
കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി. മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Coronavirus- Seven districts in Kerala will be closed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..