തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2262 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 418 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ഈ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയില്‍ നിന്നും വിമാനമാര്‍ഗം തിരിച്ചെത്തിച്ച് ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്നവരില്‍ 115 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ അവരെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കും. കേരളത്തില്‍ തിരിച്ചെത്തിയാലും മൊത്തം 28 ദിവസം അവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയണം. ഇക്കാര്യത്തിലുള്ള സംശയനിവാരണത്തിന് ജില്ലാ ആരോഗ്യ വകുപ്പ് അധികാരികളുമായി ബന്ധപ്പെടാം.
കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 42 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഞായറാഴ്ച ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ വീടുകളില്‍ തന്നെ തുടരുകയും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Coronavirus: 2276 people under observation in Kerala