പത്തനംതിട്ട: മാര്‍ച്ച് 23-ന് കൊറോണ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയായ യുവാവിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. 20-ന് പുലര്‍ച്ചെ രണ്ടിനാണ് ഖത്തറില്‍നിന്ന് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പത്തനംതിട്ട കൊടുന്തറ സ്വദേശിയായ ഇദ്ദേഹം സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്സിന്റെ ക്യു.ആര്‍. 506 വിമാനത്തിലെ സീറ്റുകളുടെ ക്രമീകരണമുള്‍പ്പെടെയുള്ള ചാര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. 30 സി സീറ്റിലാണ് യുവാവ് ഇരുന്നത്.

covid

പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ച് 23ന്(തിങ്കള്‍)
കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്റെ സഞ്ചാരപാത.
20 പുലര്‍ച്ചെ രണ്ടിനാണു യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

ഇയാളുടെ മുന്നിലും പിന്നിലും ഇരുന്നത് മലയാളികുടുംബങ്ങളായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, പാലാ സ്വദേശികളും ഈ വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

രോഗബാധ സംശയിച്ചിരുന്നതിനാല്‍ നാട്ടില്‍നിന്ന് കാറുമായി ഡ്രൈവര്‍മാത്രം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയാല്‍മതിയെന്ന് യുവാവ് അറിയിച്ചിരുന്നു. യാത്രയ്ക്കിടെ പുലര്‍ച്ചെ നാലിന് വെഞ്ഞാറമ്മൂട്ടില്‍നിന്ന് ഇരുവരും ചായ കുടിച്ചു. ഡ്രൈവര്‍ വാഹനത്തില്‍നിന്നിറങ്ങി ചായ വാങ്ങിനല്‍കുകയായിരുന്നു.

ഡ്രൈവര്‍ മാസ്‌ക് ധരിച്ചിരുന്നു. കൊടുന്തറയിലെ വീട്ടില്‍ എത്തുന്നതിനുമുന്‍പ് ഭാര്യയും കുഞ്ഞുമടക്കം കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. 20-ന് രാവിലെ ആറുമണിയോടെ വീട്ടില്‍ വന്നശേഷം യുവാവ് പുറത്തിറങ്ങിയില്ല. അസ്വസ്ഥത അനുഭവപ്പെട്ടതോടെ 21-ന് രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സിലെത്തിച്ചു. സ്രവം പരിശോധനയ്‌ക്കെടുത്തശേഷം ആംബുലന്‍സില്‍ത്തന്നെ തിരികെ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു. 23-ന് പരിശോധനാഫലമെത്തിയപ്പോള്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഉടന്‍ ജനറല്‍ ആശുപത്രിയിലെ നിരീക്ഷണവാര്‍ഡിലേക്ക് മാറ്റി.

വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് ഇയാള്‍ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ ചിറ്റാര്‍ സ്വദേശിയാണ്. തിരുവനന്തപുരത്തുനിന്ന് മടങ്ങിയെത്തിയശേഷം ഡ്രൈവര്‍ ഇതേവാഹനത്തില്‍ മറ്റൊരു യാത്ര പോയി. ഡ്രൈവറുടെ കുടുംബാംഗങ്ങളെയും ഇയാള്‍ സമീപദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷിക്കും.

ഖത്തര്‍ എയര്‍വേയ്സിന്റെ ക്യു.ആര്‍. 506 വിമാനത്തില്‍ യാത്ര ചെയ്തവര്‍ 9188297118, 9188294118 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

Content Highlight: coronavirus patient was flying Qatar Airways' QR. 506 in flight