കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നെടുമ്പാശ്ശേരി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ പത്ത് ​ഫ്ലൈറ്റുകളിലായി 2150 പേരെ തിരിച്ചെത്തിക്കും. ​ഫ്ലൈറ്റുകൾ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അ‌ധികൃതർ പുറത്തുവിട്ടു.

നെടുമ്പാശേരിയിൽ ആദ്യഘട്ടത്തിൽ വരുന്ന വിമാനങ്ങളുടെ വിവരങ്ങൾ:
(തീയതി, സ്ഥലം, വരുന്നവരുടെ എണ്ണം എന്ന ക്രമത്തിൽ)

മെയ് 7: അ‌ബുദാബി (200), ദോഹ (200)
മെയ് 8: ബഹ്​റൈൻ (200)
മെയ് 9: കു​വൈറ്റ് (200), മസ്കറ്റ് (250)
മെയ് 10: ക്വലാലംപൂർ (250)
മെയ് 11: ദമാം (200), ദുബായ് (200)
മെയ് 12: ക്വലാലംപൂർ (250)മെയ് 13: ജിദ്ദ (200)
*ഫ്ലൈറ്റുകളുടെ സമയക്രമം ലഭ്യമായിട്ടില്ല

നിലവിൽ അ‌നുമതി കിട്ടിയ സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അ‌നുമതി ലഭിക്കുന്നതനുസരിച്ച് കൂടുതൽ ​ഫ്ലൈറ്റുകൾ സർവീസ് നടത്തു​മെന്നും പ്രവാസികളെ എത്തിക്കാൻ എയർപോർട്ട് സജ്ജമായിക്കഴിഞ്ഞെന്നും സിയാൽ അ‌ധികൃതർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ ത്രീ​ ഫേസ് ഡിസ്ഇൻഫെക്ഷനാണ് നടപ്പിലാക്കുന്നത്. സാമൂഹിക അ‌കലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും താൽക്കാലിക ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ടെസ്റ്റുകളുമായി ബന്ധപ്പെട്ട മോക്ക്ഡ്രില്ലും പൂർത്തിയായി.

പ്രവാസികളെ തിരികെ ​കൊണ്ടുവരാൻ സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ഇന്ന് സംസ്ഥാന സർക്കാർ ​ഹൈക്കോടതിയെ അ‌റിയിച്ചിട്ടുണ്ട്.