കൊച്ചി: വിവിധ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിക്കുന്ന പ്രവാസികളുടെ ക്വാറന്റയ്ൻ സംബന്ധിച്ച് കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ ​ഹൈക്കോടതിയിൽ. രോഗലക്ഷണമില്ലാത്തവരെ വീടുകളിൽ ക്വാറന്റയ്നിൽ വെക്കാനുള്ള തീരുമാനത്തെ കുറിച്ചുള്ള ​കോടതിയുടെ ചേദ്യത്തിന് മറുപടി പറയവേയാണ് സർക്കാർ അ‌ഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രവാസികളെ തിരിച്ചു കൊണ്ടുവരുമ്പോൾ കേന്ദ്രം നിർദേശിച്ച മാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്ന് ​ഹൈക്കോടതി നിർദേശിച്ചു. പ്രവാസികളെ ഹോം ക്വാറന്റയ്നിൽ വെക്കാനുള്ള തീരുമാനത്തെ സൂചിപ്പിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയ്ൻ വേണമെന്നാണ് കേന്ദ്ര നിർദേശം.

ഇ​തേത്തുടർന്ന്, കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ഇളവ് ആവശ്യപ്പെടുന്നുണ്ടെന്നും അ‌തനുവദിച്ചാൽ മാത്രമേ ഹോം ക്വാറന്റയ്നിൽ വെക്കൂ എന്നും സർക്കാർ അ‌ഭിഭാഷകൻ പറഞ്ഞു. കേന്ദ്ര മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുമെന്നും പ്രവാസികൾക്കായി വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മെയ് എട്ടിന് സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കും.