തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നതെങ്കില്‍ അവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ആളുകളെ എത്തിക്കുന്നത്. ഇത് വളരെ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അത് ആ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ബാധിക്കും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അതില്‍ ഒരു ഇളവും വരുത്തുന്നത് ശരിയല്ല അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് പ്രവാസികള്‍ എത്തേണ്ടത് പ്രധാനമാണ്. എന്നാല്‍ ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ പറ്റില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. അതിനാല്‍ പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നിലവില്‍ പ്രഖ്യാപിച്ചതുപോലെയാണ് വിമാനങ്ങള്‍ വരുന്നതെങ്കില്‍ ആരെയും വീടുകളിലേക്ക് അയക്കാന്‍ സാധിക്കില്ല. ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്റൈന്‍ വേണ്ടി വരും. വിമാനത്തില്‍ ആരൊക്കെ വരുന്നോ അവര്‍ മുഴുവന്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയണം. ഏഴാം ദിവസമാണ് അവരുടെ കാര്യത്തില്‍ പിസിആര്‍ ടെസ്റ്റ് നടത്തുക. ആ ടെസ്റ്റില്‍ നെഗറ്റീവായവരെ വീടുകളിലേക്ക് അയക്കും. പിസിആര്‍ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് കിട്ടും പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ തുടര്‍ന്നും ഒരാഴ്ചക്കാലം ക്വാറന്റൈന്‍ വീട്ടില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന്റെ തുടക്കത്തില്‍ ഇറ്റലിയില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുമ്പോള്‍ ആദ്യം ഇന്ത്യന്‍ സംഘം അവിടെ എത്തുകയും തിരിച്ചുവരുന്നവരെ പരിശോധിക്കുകയും ചെയ്തിരുന്നു. വിമാനങ്ങളില്‍ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പുന:പരിശോധന വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന് ആന്റിബോഡി ടെസ്റ്റ്കിറ്റ് ആവശ്യമുണ്ട്. രണ്ടുലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 3 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേരും വയനാട്ടില്‍ | Read More..

കേരളത്തില്‍ എത്തിക്കുക വളരെ കുറച്ചു മലയാളികളെ; ആദ്യഘട്ടത്തില്‍ 2250 പേര്‍മാത്രം- മുഖ്യമന്ത്രി  | Read More..

സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി  | Read More..

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല; അമിത വില ഈടാക്കിയാല്‍ നടപടി- മുഖ്യമന്ത്രി | Read More..

കേന്ദ്രം കണ്ണൂരിനെ ഒഴിവാക്കി; കണ്ണൂരില്‍ ഇറങ്ങാന്‍ 69,179 പ്രവാസികള്‍: മുഖ്യമന്ത്രി | Read More..

വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും | Read More..

മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണില്‍നിന്നു വരുന്നവര്‍ ഒരാഴ്ച്ച സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണം | Read More..

കോണ്‍ഗ്രസുകാരുടെ പണം കയ്യിലിരിക്കട്ടെ; സംസ്ഥാന സര്‍ക്കാര്‍ അത് വാങ്ങില്ല- മുഖ്യമന്ത്രി  | Read More..

 

 

Content Highlights:CoronaVirus Lockdown: CM pinarayi Vijayan talks about the evacuation of NRIs