തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല ഉള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സമയമല്ലിതെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

നികുതി വര്‍ധിപ്പിച്ചാല്‍ ജനങ്ങളുടെ മേലുള്ള ഭാരം വര്‍ധിപ്പിക്കും. ജി.എസ്.ടി. വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തില്‍ ഇവര്‍ ആഗ്രഹിക്കുന്ന വരുമാനം സെസില്‍നിന്ന് കിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുത്തിവെച്ച ഒരു പ്രതിസന്ധികൂടിയാണിത്. എല്ലാവരും മാസങ്ങളോളം ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു നികുതി ഘടനയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ചിലരെ തൃപ്തിപ്പെടുത്താന്‍ മുന്‍കൂട്ടി നോട്ടീസ് പോലും നല്‍കാതെ സകല നികുതികളും വെട്ടിക്കുറച്ചു. എന്നിട്ടിപ്പോള്‍ സെസ് ഏര്‍പ്പെടുത്താന്‍ നില്‍ക്കുകയാണ്. സെസിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. എന്നാല്‍ ഇതല്ല അതിന്റെ സമയവും സന്ദര്‍ഭവുമെന്നും ഐസക് പറഞ്ഞു.

ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞ സമയത്ത് വിലവര്‍ധനവ് വരുന്ന രീതിയില്‍ നികുതി വര്‍ധിപ്പിക്കുന്നത് ശരിയല്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ ഇതുപോലെ നിര്‍ദേശം വെച്ചെങ്കിലും എല്ലാം സംസ്ഥാനങ്ങളും എതിര്‍ത്തെന്നും മന്ത്രി വ്യക്തമാക്കി. ആപത്ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറാന്‍ തയ്യാറാകുന്നില്ല. ദുര്‍വാശിയാണ് ‌കേന്ദ്രത്തിന്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം ശുഭകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം കൈമാറണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം ന്യായമാണ്. കമ്പനികളുടെ ഗോഡൗണുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ കെട്ടികിടക്കുന്നുണ്ട്. അത് വിറ്റഴിക്കുന്നതിനാണ് ആദ്യം മുന്‍ഗണന നല്‍കേണ്ടത്. അതിന് ജനങ്ങള്‍ക്ക് പണം കൈമാറണം. ഗോഡൗണുകളില്‍ ഉത്പന്നങ്ങള്‍ വെച്ചിട്ട് ബിസിനുസുകാര്‍ക്ക് വായ്പ ലഭിച്ചിട്ട് എന്താണ് കാര്യമെന്നും ഐസക് ചോദിച്ചു.

മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

Content Highlights: coronavirus-It is not a situation to raise taxes, says Thomas Isaac