തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ജാഗ്രതയില്‍ ഒരു ഘട്ടത്തില്‍ അലംഭാവമുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തില്‍ പ്രതിപക്ഷത്തിന് പ്രധാന പങ്കുള്ളതായി പരോക്ഷമായി വിമര്‍ശിച്ചു. ജാഗ്രതകുറവിന് സഹായകരമായ നിലപാട് സ്വീകരിച്ചവര്‍ ബോധപൂര്‍വ്വം തിരുത്തണം. അധികൃതരുടെ ഭാഗത്തുനിന്നല്ല ജാഗ്രത കുറവ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ സമരങ്ങളെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പി.ആര്‍ പ്രവര്‍ത്തനമായി ചിലര്‍ വ്യാഖ്യാനിച്ചു. അനാവശ്യമായ ചിലകൂട്ടായ്മകള്‍ സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കി. നമ്മള്‍ സ്വീകരിച്ചു വന്നിരുന്ന തരത്തിലൊരു ജാഗ്രത ആവശ്യമില്ലെന്ന് നാട്ടില്‍ പരക്കുന്നതിനിടയായി. ചിലരെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കൂട്ടായ്മകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങി. അത് നാട്ടില്‍ തെറ്റായ സന്ദേശം നല്‍കി. ഇതൊരു പ്രധാന ഘടകമായി മാറിയിട്ടുണ്ട്. വേറെ പണിയൊന്നുമില്ലാതെ പ്രഭാഷണം നടത്തുകയാണെന്ന് പ്രചരിപ്പിച്ചു. ഇപ്പോഴും പറയുന്നു' മുഖ്യമന്ത്രി പറഞ്ഞു.
കര്‍ക്കശമായ ചില നിയന്ത്രണങ്ങള്‍ വേണ്ടതിനാലാണ് പോലീസിനെ നിയന്ത്രണം ഏല്‍പ്പിച്ചത്. പോലീസ് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്വാറന്റീനിലിരിക്കുന്നവരെ നിരീക്ഷിക്കും. രോഗം വ്യാപനം തടയാന്‍ ചില പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.