കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വനംവകുപ്പില്‍ പുല്ലുവില; ട്രെയിനികളുമായി സ്റ്റഡി ടൂറിന് ഒരുക്കം


ടി.ജെ ശ്രീജിത്ത്

Coronavirus | Mathrubhumi

വാളയാര്‍: സംസ്ഥാനത്ത് കോവിഡ് സാഹചര്യം അതിരൂക്ഷമായിരിക്കെ, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി വനംവകുപ്പില്‍ 'സ്റ്റഡി ടൂറി'ന് ഒരുക്കം. വിവിധ ജില്ലകളിലുള്ള 104 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കുന്ന വാളയാറിലെ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് 48 പേരുമായി വ്യാഴാഴ്ച 'പഠനയാത്ര' പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പരിശീലനത്തിനുള്ള ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരുതവണ മാറ്റിവെച്ച യാത്രയാണ് വീണ്ടും നടത്താന്‍ നീക്കം നടക്കുന്നത്. ഫണ്ട് നഷ്ടപ്പെടുമെന്നുള്ള കാരണത്തിലാണ് ക്വാറന്റീനിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തി യാത്ര പോകുന്നത്. സംസ്ഥാനത്തെ വിവിധ സാങ്ച്വറികളിലേക്കാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞുള്ള യാത്ര. വനംമന്ത്രിയുടെ ഓഫീസോ സര്‍ക്കാരോ പറഞ്ഞാല്‍ മാത്രം യാത്ര ഉപേക്ഷിക്കാം എന്ന നിലപാടിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍. വനംവകുപ്പ് ഉന്നതതലത്തില്‍ നിന്നും ഫണ്ട് നഷ്ടമാവാതിരിക്കാന്‍ സ്റ്റഡി ടൂറിന് സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന.

സംസ്ഥാനത്ത് വനംവകുപ്പില്‍ ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് അനൗദ്യോഗിക വിവരം. വകുപ്പ് ഔദ്യോഗികമായി കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചെങ്കിലും പലരും പുറത്ത് പറയുന്നില്ലെന്ന. ഇതിനിടെയാണ് പരിശീലനത്തിലുള്ള ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും സ്റ്റഡി ടൂര്‍ പോകണമെന്ന വാശിയില്‍ വാളയാര്‍ പരിശീലനകേന്ദ്രം അധികൃതരുടെ നീക്കം.

വനംവകുപ്പില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ മുതല്‍ 11 വര്‍ഷം സര്‍വീസുള്ളവര്‍ വരെ വാളയാറിലെ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്, ആദ്യ ബാച്ചില്‍ 58 പേരും രണ്ടാം ബാച്ചില്‍ 46 പേരും. രണ്ടു ബാച്ചുകളിലുമായി 46 വനിതാ ഉദ്യോഗസ്ഥരുണ്ട്. ആറുമാസത്തെ പരിശീലനം സെപ്റ്റംബറിലാണ് പരിശീനം തുടങ്ങിയത്.

ജനുവരി രണ്ടാംവാരം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന വനം കായികമേളയില്‍ പങ്കെടുക്കുന്നതിന് വാളയാറിലെ പരിശീലനകേന്ദ്രത്തില്‍ നിന്ന് 45 പേര്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഇവരില്‍ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന സ്റ്റഡി ടൂര്‍ മാറ്റിവെച്ചത്. ഇതിനിടെ പരിശീലനകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിനൊപ്പം സ്ഥിരിമായി ഉണ്ടായിരുന്ന പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ പരിശീലനകേന്ദ്രത്തിലെ ഭക്ഷണശാലയിലടക്കം കയറി ഇറങ്ങുന്ന സ്ഥിതിയാണ്.

ഏഴുപേര്‍ക്ക് കോവിഡ് എന്ന വാര്‍ത്ത വന്നതിന് ശേഷം മറ്റാരെയും ടെസ്റ്റ് ചെയ്തിട്ടില്ലെന്ന് പരിശീലനകേന്ദ്രത്തിലുള്ളവര്‍ തന്നെ പറയുന്നു. ക്വാറന്റീനിലുള്ളവരും അല്ലാത്തവരും പരസ്പരം ഇടപഴകുന്ന സ്ഥിതിയാണ്. കോവിഡ് മാനദണ്ഡങ്ങളൊന്നും തന്നെ പരിശീലനകേന്ദ്രത്തില്‍ പാലിക്കുന്നുമില്ലെന്നും ഇവര്‍ പറയുന്നു. ഈ ആശങ്കയ്ക്കിടെയാണ് വ്യാഴാഴ്ച സ്റ്റഡി ടൂറിന് ഒരുങ്ങാനുള്ള നിര്‍ദ്ദേശം ഉന്നതാധികൃതര്‍ നല്‍കിയിരിക്കുന്നത്.

പരിശീലനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് സ്റ്റഡി ടൂര്‍. കേരളത്തിന്റെ തെക്കും വടക്കുമുള്ള സാങ്ച്വറികളിലേക്കാണ് യാത്ര. ഒരുവാഹനത്തില്‍ 24 പേര്‍ വീതമുള്ള രണ്ടു സംഘങ്ങളായി തിരിച്ചാണ് ഇവരെ കൊണ്ടുപോകുന്നത്. അമ്പതു വയസ്സിന് മുകളിലുള്ളവരും വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവരും കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി നില്‍ക്കുന്ന അവസ്ഥയില്‍ സ്റ്റഡി ടൂര്‍ മാറ്റിവെയ്ക്കണമെന്ന ട്രെയിനികളുടെ അപേക്ഷ അധികൃതര്‍ തള്ളിക്കളഞ്ഞു. കോവിഡ് ലക്ഷണമുള്ളവരെ ടൂറില്‍ നിന്നൊഴിവാക്കുന്നുമില്ല, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് വിധേയരാക്കുന്നുമില്ലെന്നതാണ് പരിശീലനകേന്ദ്രത്തിലുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്.

യാത്രമാറ്റിവെയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വരണമെന്ന് മേധാവി

വാളയാര്‍: പരിശീലനത്തിന്റെ ഭാഗമായുള്ള പഠനയാത്ര മാറ്റിവെയ്ക്കണമെങ്കില്‍ സര്‍ക്കാരില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശം വരണമെന്ന് വാളയാര്‍ സംസ്ഥാന ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹരികൃഷ്ണന്‍ നായര്‍ പറഞ്ഞു. കുറച്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നത് ശരിയാണ്. ബാക്കിയുള്ളവരെ ടെസ്റ്റ് നടത്തി എല്ലാവരും നെഗറ്റീവ് ആണ്. പോകുന്നവരാരും ജനങ്ങളുമായി ഇടപഴകില്ല, സാങ്ച്വറികളിലേക്ക് മാത്രമാണ് ഇവരുടെ യാത്ര. ഭക്ഷണവും താമസവുമെല്ലാം അവിടെ തന്നെയായിരിക്കും. ഇപ്പോള്‍ പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് സ്റ്റഡി ടൂര്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. അതൊഴിവാക്കാനാണ് യാത്ര നിശ്ചയിച്ചിരിക്കുന്നതെന്ന് ഹരികൃഷ്ണന്‍ നായര്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented