കൊച്ചി: കൊറോണ ബാധിതനായിരിക്കെ കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ ശ്രമിച്ച ബ്രിട്ടീഷ് സ്വദേശിയെയും ഭാര്യയേയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നെടുമ്പാശ്ശേരിയില്‍ വച്ചാണ് ഇയാള്‍ കൊറോണ ബാധിതനാണെന്ന വിവരം വ്യക്തമായത്. തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ സംഘത്തെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
ഇയാളാടൊപ്പമുണ്ടായിരുന്ന പതിനേഴു പേരെ മൂന്നാറില്‍ ഇവര്‍ താമസിച്ചിരുന്ന കെ.ടി.ഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകും.
ഇവര്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന 270 പേരും ഇപ്പോള്‍ പ്രാഥമിക നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ വിമാനത്തിലേക്ക് കയറിയത്. ഇതിന് ശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റീവ് ആണ് എന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിദേശികളുടെ സംഘത്തെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
ഈ മാസം ഏഴാം തീയതിയാണ് വിദേശ സഞ്ചാരി സംഘം കേരളത്തിലെത്തിയത്. ഇവര്‍ മാര്‍ച്ച് 6,7 തീയതികളില്‍ കൊച്ചി ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ താമസിച്ചു. പിന്നീട് അതിരപ്പള്ളി സന്ദര്‍ശിക്കുകയും ആതിരപ്പള്ളി റെസിഡന്‍സിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു.
അതിനുശേഷം ആണ് സംഘം മൂന്നാറില്‍ എത്തിയത്. അവിടെ എത്തുമ്പോള്‍ തന്നെ കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് പനി ഉണ്ടായിരുന്നു. സംഘം അതികം സ്ഥലങ്ങള്‍ മുന്നാറില്‍ സന്ദര്‍ശിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പനിയെ തുടര്‍ന്ന് മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ ചികിത്സ തേടിയുന്നു.പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് ഇയാളുടെ ശരീര ശ്രവങ്ങള്‍ ശേഖരിക്കുകയും ശേഷം ഇയാളെ മൂന്നാറിലെ റിസോര്‍ട്ടിലേക്ക് തന്നെ തിരികെ അയയ്ക്കുകയും ചെയ്തു.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്താംതീയതി മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ചായിരുന്നു ഇവര്‍ ദുബായിലേക്ക് യാത്രക്കൊരുങ്ങിയത്.
ഇവര്‍ മൂന്നാറില്‍ അവധിക്കാലം ചെലവഴിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. ഇയാളോടൊപ്പമുണ്ടായിരുന്ന ബാക്കി സംഘാംഗങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. സുരക്ഷാ പരിശോധനയിലേര്‍പ്പെട്ട വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍, താമസിച്ച റിസോര്‍ട്ട്, മറ്റ് സഞ്ചാരപാതകളെല്ലാം കണ്ടെത്തി വിവര ശേഖരണം നടത്തേണ്ടിവരും.
Content Highlight: CoronaVirus: foreigner who tried to escape to Dubai shifted to kalamassery medical college
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..