കൊച്ചി: പ്രവാസികളെ മടക്കിയെത്തിക്കുന്ന ആദ്യവിമാനത്തിലെ എറണാകുളം ജില്ലയി​ൽ നിന്നുള്ളവർക്ക് ക്വാറ​ന്റൈന്‍ ഒരുക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റലിൽ. മറ്റു ജില്ലകളിൽ നിന്നുള്ളവരെ കെ.എസ്.ആർ.ടി.സി. ബസിൽ അ‌വരവരുടെ ജില്ലകളിലേക്ക് വിടും. ഓരോ ജില്ലയിലുള്ളവർക്കും അ‌താത് ജില്ലാ ഭരണകൂടങ്ങളാണ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടത്.

അറ്റാച്ച്ഡ് ബാത്ത്‌റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. രാജഗിരി ഹോസ്റ്റലിൽ പ്രവാസികൾക്കായി 75 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ കളക്ടർ ഹോസ്റ്റൽ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.

Rajagiri Hostel
രാജഗിരി ഹോസ്റ്റലിൽ പ്രവാസികൾക്ക് ക്വാറ​ന്റൈനായി ഒരുക്കിയിരിക്കുന്ന മുറികളിലൊന്ന്. ഫോട്ടോ: ശരത് അ‌മ്പാട്ടുകാവ്.

ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗലക്ഷണമുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. വ്യാഴാഴ്ച എത്തുന്ന ആദ്യ വിമാനത്തിൽ എറണാകുളം സ്വദേശികളായ ഇരുപതിലേറെ പേർ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

രാജഗിരി ഹോസ്റ്റൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങൾ, പ്രവാസികളെ താമസിപ്പിക്കാനായി ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പേരെ താമസിപ്പിക്കുന്നതിനായി ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ജില്ലാ ഭരണകൂടം അ‌റിയിച്ചു.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോൾ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കും.