പ്രതീകാത്മകചിത്രം | PTI
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വര്‍ധന കണക്കിലെടുത്ത് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണം.
എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കി. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണം.
പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമെന്ന മുന്‍നിര്‍ദേശം യോഗം ആവര്‍ത്തിച്ചു. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കി.
പനി, ജലദോഷം, തൊണ്ടവേദന എന്നിവയുള്ളവര്‍ ചികിത്സതേടണം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങാതെ വിശ്രമിക്കുകയും ചികിത്സതേടുകയും വേണം.
രാജ്യത്തെ കോവിഡ് കേസുകളില്‍ അധികവും കേരളമടക്കം 5 സംസ്ഥാനങ്ങളില്‍
സപ്ത സഞ്ജീവ്
ന്യൂഡല്‍ഹി: ചൈനയിലും മറ്റുചില വിദേശരാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലും ജാഗ്രതപ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
പ്രതിരോധം ശക്തമാക്കാനും ആള്‍ക്കൂട്ടമുള്ളയിടങ്ങളില്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കാനും നിര്‍ദേശിച്ചു. ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ രോഗപരിശോധനയ്ക്കായി സാംപിള്‍ ശേഖരണം തുടങ്ങി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് ബാധയില്‍ കൂടുതലും കേരളം, കര്‍ണാടകം, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. പ്രതിദിന കേസുകളില്‍ 84 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.
പ്രായമായവര്‍ പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ഉടന്‍ സ്വീകരിക്കണം. 28 ശതമാനംപേര്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചത്. ഏതു സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡ് ദേശീയ ദൗത്യസംഘം തലവനും നിതി ആയോഗ് അംഗവുമായ വി.കെ. പോള്‍ വ്യക്തമാക്കി.
Content Highlights: Coronaviris rapid response team meeting Central Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..