തിരുവനന്തപുരം: കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്ഥാനത്ത് വിവിധിയിടങ്ങളില്‍ കള്ളുഷാപ്പ് ലേലം. നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറു കണക്കിന് പേര്‍ ലേലത്തില്‍ പങ്കെടുത്തു. പൊതുപരിപാടികളും ആള്‍ക്കൂട്ട സംഗമങ്ങളും റദ്ദാക്കണമെന്ന ഉത്തരവ് ലംഘിച്ചാണ് ലേല നടപടികള്‍.

എറണാകുളത്ത് മാധ്യമങ്ങള്‍ എത്തിയതോടെ ലേല നടപടികള്‍ നിര്‍ത്തിവെച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കുന്നവരും അടക്കം ഇരുനൂറോളം പേര്‍ എറണാകുളം കള്ക്ടറേറ്റിലെത്തിയിരുന്നു. വിവരമറഞ്ഞ് മാധ്യമങ്ങള്‍ ഇങ്ങോട്ടേക്കെത്തിയതോടെ നടപടികള്‍ മാറ്റിവെക്കുകയായിരുന്നു.

അതേ സമയം മലപ്പുറത്തും തിരുവന്തപുരത്തും ലേല നടപടികള്‍ തുടരുകയാണ്. നൂറിലധികം പേര്‍ മലപ്പുറം കളക്ടറേറ്റിലെത്തിയിട്ടുണ്ട്. ലേല നടപടികള്‍ നടക്കുന്ന ഹാളില്‍ കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിശദീകരണം. 

കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലെ ലേലം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഇവിടെ ലേലം മാറ്റിവെച്ചത്. ലേല നടപടികള്‍ രണ്ടു റൗണ്ട് പൂര്‍ത്തിയാക്കിയിരുന്നു. ആലപ്പുഴയില്‍ എക്‌സൈസ് ഓഫീസില്‍ ലേലം നടന്നു.

Content Highlights: corona virus-toddy shop auction